ഇറാൻ തീരപ്രദേശങ്ങളിൽ യു.എസ് ആക്രമണം
തെഹ്‌റാൻ: യു.എസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ദക്ഷിണ തീരപ്രദേശമായ സിരിക്കിൽ ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. സിരിക്കിലെ നിരവധി പ്രദേശങ്ങളിൽ ആക്രമണം നേരിട്ടതിന് പുറമെ മിനാബ് കൗണ്ടി, തന്ത്രപ്രധാനമായ ഖഷാം ഐലൻഡ് എന്നിവ ഉൾപ്പെടുന്ന തീരദേശ മേഖലയിലുടനീളം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ഇതിനിടെ നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ്-ഇറാൻ യുദ്ധം 'ഉടനടി അവസാനിക്കും' എന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. റിപ്പബ്ലിക്കൻ നാഷണൽ മിഡ്‌ടേം കൺവെൻഷനിൽ പങ്കെടുക്കാനായി ഡാളസിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഏൽപ്പിക്കുന്ന കടുത്ത ഉപരോധങ്ങൾക്കും സാമ്പത്തിക സമ്മർദങ്ങൾക്കും മുന്നിൽ ഇനി കൂടുതൽ കാലം പിടിച്ച് നിൽക്കാൻ ഇറാന് കഴിയില്ലെന്ന് ട്രംപ് വാദിച്ചു. നിലിലെ ആക്രണത്തിലൂടെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണ് തെഹ്‌റാൻ ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാന് മുന്നിൽ മറ്റു വഴികളില്ലാതാകുമെന്നും യുദ്ധം അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നിലവിൽ ഏഴ് മാസത്തോളമായി തുടരുന്ന അമേരിക്കൻ-ഇറാൻ പോരാട്ടം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നേറുകയാണ്. യു.എസ് സേന 5 ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതിന് പിന്നാലെ, ഹുർമുസ് കടലിടുക്കിന് സമീപം 10 കപ്പലുകൾ ആക്രമിച്ചതായി ഇറാനും പ്രഖ്യാപിച്ചു. ഇരുപക്ഷത്തുനിന്നും ആക്രമണങ്ങൾ കടുപ്പമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ജൂലൈ മാസത്തിന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു.
ആഗോളതലത്തിലുണ്ടായ ഇന്ധനവില വർധനവും ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതും അമേരിക്കൻ ജനതക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. ഇതോടെ ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. നവംബർ 3-ന് നടക്കാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വിലയിരുത്തലായാണ് രാഷ്ട്രീയലോകം കാണുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എണ്ണവില താഴേക്ക് വരുമെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പൂർണമായി തള്ളിക്കളയുന്നില്ലെങ്കിലും വാഷിങ്ടൺ അത് സജീവമായി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.