ഒക്ടോബറിലെ ഹമാസ് ആക്രമണം: ഗൾഫ് ഭരണാധികാരിയുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന വാർത്ത നിഷേധിച്ച് നെതന്യാഹു; മാധ്യമത്തിനെതിരെ നിയമനടപടി

തെൽഅവീവ്: 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് തൊട്ടുമുൻപ് ഗൾഫ് ഭരണാധികാരി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത പൂർണമായും തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ ഇസ്രായേലി മാധ്യമമായ 'ഹാറെറ്റ്‌സി'നും റിപ്പോർട്ടർ ഷ്ലോമി എൽദാർക്കുമെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യാൻ അഭിഭാഷകർക്ക് നിർദേശം നൽകിയതായി നെതന്യാഹു വ്യക്തമാക്കി.

ഒക്ടോബർ 7ലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഹമാസ് വലിയ തോതിലുള്ള യുദ്ധത്തിന് പദ്ധതിയിടുന്നുണ്ടെന്ന് പ്രമു​ഖ ഗൾഫ് രാജ്യ​ത്തെ ഭരണാധികാരി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ഇസ്രായേൽ ഭരണകൂടം ഗൗരവമായി എടുത്തില്ലെന്നുമായിരുന്നു 'ഹാറെറ്റ്‌സ്' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

എന്നാൽ, 2023 സെപ്റ്റംബർ തുടക്കം മുതൽ ഒക്ടോബർ 7 വരെയുള്ള കാലയളവിൽ താനും പരാമർശിക്കപ്പെട്ട ഗൾഫ് ഭരണാധികാരിയും തമ്മിൽ യാതൊരുവിധ ഫോൺ സംഭാഷണങ്ങളും നടന്നിട്ടില്ലെന്ന് നെതന്യാഹു എക്‌സിലൂടെ അവകാശപ്പെട്ടു. ഇത്തരമൊരു സംഭാഷണം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഔദ്യോഗിക രേഖകൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉണ്ടാകുമായിരുന്നുവെന്നും, എന്നാൽ പരിശോധനയിൽ അങ്ങനെയൊന്ന് കണ്ടെത്താനായിട്ടില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ ഇടതുകക്ഷികൾ നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമായുള്ള ദുരുദ്ദേശ്യപരമായ അപവാദപ്രചാരണമാണ് ഇതെന്നും നെതന്യാഹു ആരോപിച്ചു. വരുന്ന ദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ വ്യാജ വാർത്തകൾ പുറത്തുവരുമെന്നും നെതന്യാഹു പറഞ്ഞു. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപെങ്കിലും ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന്റെ തലവന്മാർ ഹമാസ് നീക്കങ്ങളെക്കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന തന്റെ മുൻ നിലപാട് പ്രധാനമന്ത്രി വീണ്ടും ആവർത്തിച്ചു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയും മുൻ ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫുമായ ഗാഡി ഐസൻകോട്ട് രംഗത്തെത്തിയിരുന്നു. ഒക്ടോബർ 7ലെ സംഭവത്തിലേക്ക് നെതന്യാഹു ഇസ്രായേലിനെ അന്ധമായി നയിക്കുകയായിരുന്നുവെന്ന് യാശർ പാർട്ടി നേതാവായ ഐസൻകോട്ട് എക്സിൽ കുറിച്ചു. 

Tags:    
News Summary - Netanyahu says he will sue Haaretz over report he was warned by UAE leader days before Oct. 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.