ഗിസ പിരമിഡ്

നിയമങ്ങളെ കാറ്റിൽപ്പറത്തി 146 മീറ്റർ ഉയരത്തിലേക്ക്; വൈറലാകാൻ ഗിസ പിരമിഡിന് മുകളിൽ കയറി 18കാരൻ

ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചരിത്രസ്മാരകങ്ങളിലൊന്നായ ഈജിപ്തിലെ ഗിസയിലെ മഹാപിരമിഡ്, 4,500 വർഷത്തിലേറെയായി തലയെടുപ്പോടെ നിൽക്കുന്നു. ഈ ചരിത്രപ്രസിദ്ധമായ സ്മാരകത്തിലേക്ക് കയറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ആ നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു 18കാരൻ അവിടെ ഒരു അസാധാരണ സാഹസികത പരീക്ഷിച്ചു.

ജർമ്മനിയിൽ നിന്നുള്ള ആന്ദ്രേ സിസീൽസ്കി എന്ന കൗമാരക്കാരനാണ് യാതൊരു ഭയവുമില്ലാതെ പിരമിഡിന്റെ മുകളിലേക്ക് കയറിയത്. തദ്ദേശവാസികൾ ഇത് വലിയ അപകടമാണെന്നും നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും വകവെക്കാതെയാണ് അവൻ ഈ സാഹസികതക്ക് മുതിർന്നത്.

കൈയിൽ ഒരു ഗോപ്രോ കാമറയുമായാണ് ആന്ദ്രേ തന്റെ യാത്ര ആരംഭിച്ചത്. തുടക്കത്തിൽ ഒരു തെരുവ് കച്ചവടക്കാരൻ ഇത് കണ്ട് ചിരിച്ചതല്ലാതെ വലിയ എതിർപ്പുകൾ ഉണ്ടായില്ല. എന്നാൽ പിരമിഡിന്റെ പകുതിഭാഗം പിന്നിട്ടപ്പോഴേക്കും താഴെയുണ്ടായിരുന്ന പൊലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപെട്ടു.

പൊലീസ് ഉദ്യോഗസ്ഥർ താഴെയിറങ്ങാൻ ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും അതൊന്നും കൂട്ടാക്കാതെ അവൻ തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുകയായിരുന്നു. ചെവിയിൽ ഹെഡ്‌ഫോൺ വെച്ച് പാട്ടും കേട്ടുകൊണ്ട് വെറും എട്ട് മിനിറ്റിനുള്ളിൽ അവൻ പിരമിഡിന്റെ മുകളിൽ എത്തിച്ചേർന്നു. മുകളിൽ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കുകയും ഫോട്ടോകൾ പകർത്തുകയും ചെയ്ത ശേഷം ഏകദേശം ഇരുപത് മിനിറ്റുകൊണ്ട് അവൻ സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു.

ഈജിപ്തിലെ നാലാം രാജവംശകാലത്ത് ഫറോവ ഖുഫുവിന്റെ ശവകുടീരമായി നിർമിക്കപ്പെട്ടതാണ് ഈ മഹാപിരമിഡ്. ഒരിക്കൽ ഏകദേശം 146 മീറ്റർ ഉയരമുണ്ടായിരുന്ന ഈ പിരമിഡ് ഗിസയിലെ മൂന്ന് പിരമിഡുകളിൽ ഏറ്റവും വലുതും, പ്രാചീന ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു സ്മാരകവുമാണിത്. ഇത്രയും പവിത്രവും സംരക്ഷിക്കപ്പെടേണ്ടതുമായ ഒരു ചരിത്രസ്മാരകത്തിലേക്ക് ടൂറിസ്റ്റുകൾ പ്രവേശിക്കുന്നത് ചരിത്രപരവും സുരക്ഷാപരവുമായ കാരണങ്ങളാൽ ഈജിപ്ത് കർശനമായി വിലക്കിയിട്ടുള്ളതാണ്.

താഴെ തിരിച്ചെത്തിയ ഉടൻ തന്നെ ആന്ദ്രേയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. ഈജിപ്ഷ്യൻ നിയമപ്രകാരം പിരമിഡ് കയറുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ വലിയ നടപടികൾ നേരിടേണ്ടി വരുമെന്ന് കരുതിയെങ്കിലും, പിന്നീട് 18കാരനെ ജയിൽ ശിക്ഷയൊന്നുമില്ലാതെ വിട്ടയക്കുകയാണുണ്ടായത്. കാമറയിലെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ അധികാരികൾ ശ്രമിച്ചെങ്കിലും പിന്നീട് ആന്ദ്രേ അവ വീണ്ടെടുക്കുകയുണ്ടായി. 

Tags:    
News Summary - 18-Year-Old Avoids Prison for Scaling Giza Pyramid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.