ട്രംപ്

ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: നവംബറിലെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷം കൂടുതൽ കാലം നീണ്ടുനിൽക്കില്ലെന്നും, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ തെഹ്‌റാൻ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് ഇനി പിടിച്ചുനിൽക്കാനാകില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, യുദ്ധം ട്രംപിന്റെ ഭരണകാലത്തിന്റെ ബാക്കി വരുന്ന രണ്ട് വർഷവും നീണ്ടുനിന്നേക്കാമെന്ന് അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കൾ സ്വകാര്യമായി മുന്നറിയിപ്പ് നൽകുന്നതായി ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ വാഷിങ്ടൺ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ, ഇറാനെതിരെ പുതിയ നീക്കവുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് രംഗത്തുവന്നു. ഇറാൻ ആണവ ‘അനുസരണക്കേട്’ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി യു.എൻ രക്ഷാസമിതിക്ക് വിഷയം റഫർ ചെയ്യാൻ സമിതി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. 23നെതിരെ മൂന്ന് വോട്ടുകൾക്കാണ് പ്രമേയം പാസായത്. എട്ട് രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ റഷ്യ, ചൈന, നൈജർ എന്നിവർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും യു.എൻ വാച്ച്‌ഡോഗിലെ ഇറാൻ പ്രതിനിധി വ്യക്തമാക്കി.

ഇറാൻ തകർച്ചയുടെ വക്കിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ആവർത്തിച്ചു. തെക്കൻ സിറിയയിൽ ഇസ്രായേൽ അടിയന്തരമായി പിടിച്ചെടുത്ത ‘സുരക്ഷാ മേഖല’ സന്ദർശിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനിലെ ഭീകര ഭരണകൂടത്തെ താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അതിലേക്ക് തങ്ങൾ വളരെ അടുത്താണെന്നും നെതന്യാഹു വ്യക്തമാക്കി.

അമേരിക്കൻ സേന ചൊവ്വാഴ്ച അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ തകർത്തതോടെയാണ് യു.എസ്-ഇറാൻ പോരാട്ടം വീണ്ടും രൂക്ഷമായത്. ആക്രമണത്തിന് മുമ്പ് കപ്പലുകളിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയതായി യു.എസ് സൈന്യം അറിയിച്ചു. യു.എസ് നാവികസേനയെ ആക്രമിക്കാൻ ശ്രമിച്ചാൽ ടാങ്കറുകൾ നഷ്ടപ്പെടുമെന്നും ഇനിയും അതുണ്ടാകുമെന്നും കൊളംബിയ സന്ദർശനവേളയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനാണ്. ഇതിനെത്തുടർന്ന് ഈ വഴിയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കടലിടുക്ക് ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും യാത്രാ ഫീസ് നൽകണമെന്നുമാണ് തെഹ്‌റാന്റെ നിലപാട്.

Tags:    
News Summary - Iran war to end after midterms, says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.