പസഫിക്കിൽ ആദ്യമായി രണ്ട് ചൈനീസ് വിമാനവാഹിനിക്കപ്പൽ ദൃശ്യമായെന്ന് ജപ്പാൻ

ടോക്കിയോ: രണ്ട് ചൈനീസ് വിമാനവാഹിനിക്കപ്പലുകളെ ആദ്യമായി പസഫിക്കിൽ ഒരേസമയം കണ്ടതായി ജപ്പാന്റെ പ്രതിരോധ മന്ത്രാലയം. ചൈനയുടെ ഷാൻഡോങ് വിമാനവാഹിനിക്കപ്പൽ ജപ്പാന്റെ ‘എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണി’ലൂടെ സഞ്ചരിച്ചതായും പസഫികിന്റെ വടക്കൻ ജലാശയത്തിൽ തങ്ങളുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഉൾപ്പെടുത്തി ലാൻഡിങ്, ടേക്ക്ഓഫ് പരിശീലനങ്ങൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

ചൈനയുടെ രണ്ട് ഓപ്പറേറ്റിങ് വിമാന വാഹിനിക്കപ്പലുകളിൽ ഏറ്റവും പഴക്കമേറിയ ലിയോണിങ് വിദൂര ദ്വീപായ മിനാമിറ്റോറിഷിമക്കു സമീപമുള്ള ജലാശയത്തിൽ പ്രവേശിച്ചതായി ജപ്പാനീസ് ഉദ്യോഗസ്ഥർ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് സർക്കാറിൽനിന്നുള്ള പ്രഖ്യാപനം.

നിരീക്ഷണം ശക്തമാക്കുമെന്നും ചൈനക്ക് ഉചിതമായ സന്ദേശം നൽകിയിട്ടുണ്ടെന്നും ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.

സർക്കാറിന്റെ ഉന്നത വക്താവായ ഹയാഷി ചൈനയുടെ വളർന്നുവരുന്ന സമുദ്ര പ്രവർത്തനങ്ങൾ അതിന്റെ തീരങ്ങളിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് ദൗത്യങ്ങൾ നടത്താനുള്ള കഴിവ് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കരുതുന്നുവെന്ന് പറഞ്ഞു.

എന്നാൽ, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വിമാനവാഹിനിക്കപ്പലുകളുടെ പുതിയ നീക്കങ്ങളെ ന്യായീകരിച്ചു. അവ അന്താരാഷ്ട്ര നിയമങ്ങൾക്കും അന്താരാഷ്ട്ര രീതികൾക്കും അനുസൃതമാണെന്ന് വിശേഷിപ്പിച്ചു.

‘ഞങ്ങളുടെ ദേശീയ നയം പ്രതിരോധ സ്വഭാവമുള്ളതാണ്. ജപ്പാൻ ആ പ്രവർത്തനങ്ങളെ വസ്തുനിഷ്ഠമായും യുക്തിസഹമായും കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’- ലിൻ പറഞ്ഞു.

Tags:    
News Summary - Two Chinese aircraft carriers seen in Pacific for first time, Japan says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.