ന്യൂഡൽഹി: തുർക്കിയ ഡ്രോണുകളടക്കം ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്ത്യ. ലേ മുതൽ സർക്രീക് വരെ 36 ഇടങ്ങളിൽ 300നും 400നുമിടയിൽ ഡ്രോണുകൾ പാകിസ്താൻ അയച്ചുവെന്ന് കേണൽ സോഫിയ ഖുറൈഷി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇവയിൽ ഭൂരിഭാഗവും ഇന്ത്യൻ സേന വീഴ്ത്തി. ഇന്ത്യയിൽ പതിച്ച ഡ്രോൺ അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയിൽ അവ തുർക്കിയയിൽ നിന്നുള്ള ‘അസീസ്ഗാർഡ് സോൻഗാർ’ ഡ്രോണുകളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഭട്ടിൻഡ സൈനിക ക്യാമ്പിനുനേരെ സായുധ യു.എ.വി ആക്രമണം നടത്താൻ പാകിസ്താൻ നോക്കിയെങ്കിലും ഇന്ത്യൻ സേന പരാജയപ്പെടുത്തി. പാകിസ്താന്റെ ഈ ആക്രമണത്തിന് പാകിസ്താന്റെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങൾക്കുനേരെ സായുധ ഡ്രോണുകളുപയോഗിച്ച് ഇന്ത്യ പ്രത്യാക്രമണം നടത്തിയെന്നും വക്താക്കൾ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചെക്കുമിടയിൽ ഇന്ത്യൻ വ്യോമാതിർത്തി പാകിസ്താൻ പലതവണ ലംഘിച്ചുവെന്നും സോഫിയ പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയിലെ മുഴുവൻ ഇന്ത്യൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇത്. നിയന്ത്രണരേഖയിലും ഇതേ സമയത്ത് പാകിസ്താൻ ആക്രമണം നടത്തി.
ആർട്ടിലറി ഗണ്ണുകളും സായുധ ഡ്രോണുകളും ഉപയോഗിച്ച് ജമ്മു-കശ്മീരിലെ താങ്ഗ്ധാർ, പൂഞ്ച്, ഉറി, മേൻധാർ, രജൗരി, അഖ്നൂർ, ഉദ്ദംപൂർ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഏതാനും ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.