ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ രണ്ടു കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിലാണ് സംഭവമെന്നും ആറുപേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അനസ് ഗുനൈം, അബ്ദുൽ റൗഫ്, ഷാത് മുഹമ്മദ് ഖെഷ്ദ എന്നീ മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഈജിപ്യഷൻ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടക വസ്തു പതിക്കുകയായിരുന്നു. നെറ്റ്സറിം കോറിഡോറിനോട് ചേർന്നായിരുന്നു സംഭവം. പുതിയതായി സ്ഥാപിച്ച ഡിസ്‍പ്ലേസ്മെന്റ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പകർത്തുന്നതിന് എത്തിയതായിരുന്നു മാധ്യമപ്രവർത്തകരെന്ന് ഈജിപ്ഷ്യൻ റിലീഫ് കമ്മറ്റിയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിനിടയിലാണ് ശക്തമായ സ്ഫോടനത്തിൽ ഇവരുടെ വാഹനം തകർന്നത്. ഈ സ്ഫോടനത്തിൽ മാധ്യമ പ്രവർത്തനകല്ലാത്ത ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിൽ തകർന്ന വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഡ്രോൺ ഉപയോഗിച്ച് തങ്ങളുടെ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നും അതിനാലാണ് വാഹനത്തെ ഇസ്രായേൽ എയർഫോഴ്സ് ലക്ഷ്യംവെച്ചതെന്നും ആർമി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു.
കൊല്ലപ്പെട്ട മറ്റുള്ളവരിൽ ഒരേ കുടുംബത്തിൽപെട്ട മൂന്നുപേരുമുണ്ട്. ഇസ്റ്റേൺ ദേർ എൽ ബലാഹിൽനിന്നുള്ള കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. പിതാവും മകനും മറ്റൊരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഗസ്സയിൽ പതിമൂന്നുകാരനെ ഇസ്രായേൽ സേന വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ടുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.