ഡമസ്കസ്: സിറിയൻ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) തമ്മിലുള്ള സംഘർഷത്തിൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. സിറിയയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇരു വിഭാഗവും വെടിനിർത്തൽ കരാർ അംഗീകരിച്ചത്.
രണ്ടാഴ്ചയോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിൽ ചൊവ്വാഴ്ച പ്രാദേശിക സമയം എട്ട് മണിയോട് കൂടി വെടിനിർത്തൽ കരാർ നിലവിൽ വന്നു. കരാർ പ്രകാരം എസ്.ഡി.എഫ് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിൽ നിന്ന് പിന്മാറുകയും ഈ പ്രദേശങ്ങൾ സിറിയൻ സർക്കാർ സൈന്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യും. അതോടൊപ്പം എസ്.ഡി.എഫ് സേനയെ സിറിയൻ സൈന്യത്തിന്റെ ഭാഗമായി ലയിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
കുർദുകളെ സിറിയയിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുർദിഷ് പ്രതിനിധിയെ സിറിയൻ പ്രതിരോധ മന്ത്രിയുടെ സഹായിയായി നിയമിക്കാനും നിർദേശമുണ്ട്. വെടിനിർത്തലിനെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും അംഗീകരിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെ അക്രമമുണ്ടാവുന്നത് വരെ തിരിച്ചടിക്കില്ലെന്ന് എസ്.ഡി.എഫ് വ്യക്തമാക്കി.
രാഷ്ട്രീയ പാതകളിലേക്കും ചർച്ചകളിലൂടെയുള്ള പരിഹാരത്തിനും സംഭാഷണത്തിലേക്കും ജനുവരി 18 ലെ കരാർ നടപ്പിലാക്കുന്നതിലൂടെ സംഘർഷം ലഘൂകരിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും സഹായകമാകുന്ന രീതിയിൽ മുന്നോട്ട് പോകാനും ഞങ്ങൾ സന്നദ്ധരാണെന്ന് എസ്.ഡി.എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വെടിനിർത്തലിന് ശേഷവും ചില പ്രദേശങ്ങളിൽ സിറിയൻ സൈന്യം ആക്രമണം നടത്തുന്നുവെന്ന് കുർദുകൾ ആരോപിക്കുന്നുണ്ട്. ഇതിനിടെ സൈനികരുടെ കടുത്ത സമ്മർദത്തെ തുടർന്ന് സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും കുർദുകൾ പിന്മാറിയിട്ടുണ്ട്. കുർദുകളും അറബികളും താമസിക്കുന്ന ഹസാക നഗരത്തിന്റെയും കുർദിഷ് ഭൂരിപക്ഷ നഗരമായ ഖാമിഷ്‌ലിയുടെയും നിയന്ത്രണം ഇപ്പോഴും എസ്.ഡി.എഫിന്റെ കൈവശമാണ്. വെടിനിർത്തൽ സമയത്ത് തങ്ങളുടെ സൈന്യം രണ്ട് നഗരങ്ങളിലും പ്രവേശിക്കാൻ ശ്രമിക്കില്ലെന്ന് സിറിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.