27വർഷത്തെ സേവനം, 608 ദിവസത്തെ ബഹിരാകാശ വാസം; നാസയിൽ നിന്നും വിരമിച്ച് സുനിത വില്യംസ്

വാഷിങ്ടൺ: 27 വർഷത്തെ ബഹിരാകാശ സേവനത്തിന് ശേഷം നാസയിൽ നിന്നും വിരമിച്ച് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ച സുനിത നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയാണ് മടങ്ങുന്നത്. 2025 ഡിസംബർ 27 ന് സുനിത വിരമിച്ചതായി നാസ സ്ഥിരീകരിച്ചു.

യു.എസ് നേവിയിലെ സേവനത്തിന് ശേഷം 1998ലാണ് സുനിത നാസയിൽ ചേരുന്നത്. 2006 ഡിസംബറിൽ STS-116 എന്ന ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസിന്റെ തുടക്കം. അന്ന് എക്സ്പെഡിഷൻ 14/15ന്റെ ഭാഗമായി 29 മണിക്കൂറും 17 മിനിറ്റും നീണ്ട നാല് ബഹിരാകാശ നടത്തങ്ങളിലൂടെ അക്കാലത്തെ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം 2012 ജൂലൈ 14ന് ക​സാ​ഖ്സ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച എക്സ്പെഡിഷൻ 32/33ൽ അംഗമായി. 127 ദിവസം നീണ്ട ഈ ദൗത്യത്തിനിടെ ബഹിരാകാശ നിലയത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിൽ സുനിത നിർണായക പങ്ക് വഹിച്ചു.

ഏറ്റവുമൊടുവിൽ നടത്തിയ ദൗത്യം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ബുച്ച് വിൽമോറിനൊപ്പം ബോയിങ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി 2024ൽ യാത്ര തിരിച്ച ഇവർ പേടകത്തിന്റെ സാങ്കേതിക തകരാർ കാരണം ദീർഘകാലം ബഹിരാകാശ നിലയത്തിൽ നിൽക്കേണ്ടി വന്നു. ഭൂമിയിലേക്കുള്ള മടക്കം നീണ്ടുപോയതോടെ എട്ട് ദിവസത്തെ ദൗത്യം 286 ദിവസമായി മാറി. തുടർന്ന് 2025 മാർച്ചിലാണ് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയത്.

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച യാത്രികരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സുനിത. ആകെ ഒമ്പത് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കി ലോകത്ത് നാലാം സ്ഥാനത്തെത്തി. ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന അപൂർവ്വ നേട്ടവും സുനിതക്ക് തന്നെയാണ്.

ബഹിരാകാശ നിലയത്തിലേക്കുള്ള സുനിതയുടെ സംഭാവനകളും നേട്ടങ്ങളും ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ പരീക്ഷണ പറക്കലിലെ പ്രാധിനിത്യമുൾപ്പടെ ബഹിരാകാശ ദൗത്യത്തോടുള്ള അവരുടെ അസാധാരണമായ സമർപ്പണം ഭാവി തലമുറയിലെ പര്യവേക്ഷകർക്ക് പ്രചോദനമാകുമെന്ന് ജോൺസൺ സ്‌പേസ് സെന്ററിന്റെ ഡയറക്ടർ വനേസ വൈച്ചെ പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് 60കാരിയായ സുനിത വില്യംസ് പടിയിറങ്ങുന്നത്.

Tags:    
News Summary - NASA Astronaut Suni Williams Retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.