248 മണിക്കൂറിനു ശേഷം രക്ഷപ്പെട്ട 17കാരി

ഭൂകമ്പം: അത്ഭുത അതിജീവനം; വീണ്ടും 17കാരിയെ 248 മണിക്കൂറിനു ശേഷം രക്ഷിച്ചു

ഇസ്തംബൂൾ: തുർക്കിയ, സിറിയ ഭൂകമ്പത്തിൽ അത്ഭുതകരമായ രക്ഷപ്പെടുത്തൽ തുടരുന്നു. തുർക്കിയയിലെ കഹ്റമന്മറാസിൽ 17കാരിയെ കെട്ടിടാവശിഷ്ടത്തിനുള്ളിൽ നിന്ന് 248 മണിക്കൂറിനു ശേഷം രക്ഷിച്ചതാണ് ഒടുവിലെ സംഭവം. ബുധനാഴ്ച 40കാരിയെ 222 മണിക്കൂറിനു ശേഷം രക്ഷിച്ചിരുന്നു.

ഫെബ്രുവരി ആറിന് പുലർച്ച തുർക്കിയയെ കുലുക്കിയ ഭൂകമ്പത്തിൽ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്. ഭൂകമ്പമുണ്ടായി പത്തു ദിവസമാകുന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ മങ്ങിയിട്ടുണ്ട്. എങ്കിലും അധികൃതർ തിരച്ചിൽ തുടരുകയാണ്. 74 രാജ്യങ്ങളിൽനിന്നുള്ള 8000ത്തോളം പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ സേവന, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

15 രാജ്യങ്ങളിൽ നിന്നുള്ള 4200 രക്ഷാപ്രവർത്തകർ പ്രാഥമിക രക്ഷാദൗത്യത്തിനു ശേഷം മടങ്ങിയതായി ടർക്കിഷ് വിദേശകാര്യ മന്ത്രി മെവ്‍ലുത് കാവുസോഗ്‍ലു പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്കു ശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ ജീവനുള്ളവരെ കണ്ടെത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മീറ്ററുകൾ താഴെ കുടുങ്ങിക്കിടക്കുന്നവരുടെ ഹൃദയമിടിപ്പ് വരെ കേൾക്കാവുന്ന റഡാറുകൾ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നു.

കൊടുംതണുപ്പും തകർന്ന റോഡുകളും അടക്കം പ്രതിബന്ധങ്ങൾക്കിടയിൽ ഏറെ പ്രയാസപ്പെട്ടാണ് കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെടുക്കുന്നത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ തുർക്കിയയിലും സിറിയയിലുമായി മരണം 42,000 കവിഞ്ഞു. തുർക്കിയയിൽ 36,205ഉം സിറിയയിൽ 5800ഉം മരണമാണ് സ്ഥിരീകരിച്ചത്. 1,08,000ത്തിലേറെ പേർക്കാണ് പരിക്കേറ്റത്. 13,000ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിലാണ്.

Tags:    
News Summary - Turkey syria Earthquake: 17-year-old rescued after 248 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.