ആശുപത്രിയിൽ കഴിയുന്ന ലൈല മുഹമ്മദിനെ ഗാസിയന്തേപ് ഗവർണർ സന്ദർശിക്കുന്നു

പ്രായമായ സിറിയൻ വനിതക്ക് മുഖത്ത് തൊഴി; തുർക്കിയിൽ ഒരാൾ അറസ്റ്റിൽ

അങ്കാറ: തുർക്കി നഗരമായ ഗാസിയന്തേപിൽ പ്രായം ചെന്ന സിറിയൻ വനിതയുടെ മുഖത്തു തൊഴിച്ച തുർക്കി പൗരൻ അറസ്റ്റിൽ. അഭയാർഥികൾ തിരിച്ചുപോകണമെന്ന് വാദിക്കുന്ന സാകിർ കാകിറിനെയാണ് അറസ്റ്റ് ചെയ്തതെന്ന് തുർക്കി പൊലീസ് അറിയിച്ചു. അഭയാർഥി ക്യാമ്പിലെ ബെഞ്ചിലിരിക്കുമ്പോഴാണ് ലൈല മുഹമ്മദിന്റെ മുഖത്ത് ആക്രമി തൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ സുഖം പ്രാപിച്ചുവരികയാണ്.

യുവാവ് ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പരിക്കേറ്റ സ്ത്രീ ​​ഭിന്ന​ശേഷി വിഭാഗക്കാരിയാണ്. സിറിയൻ അതിർത്തിയിലെ തുർക്കി നഗരമായ ഗാസിയന്തേപിൽ 20 ലക്ഷം ആളുകളാണ് താമസിക്കുന്നത്. അഞ്ചുലക്ഷം സിറിയൻ അഭയാർഥികളും ഇവിടെയുണ്ട്. ആഭ്യന്തരകലഹം രൂക്ഷമായതോടെ സിറിയയിൽ നിന്ന് പലായനം ചെയ്ത 37 ലക്ഷം അഭയാർഥികളെ തുർക്കി സ്വീകരിച്ചിരുന്നു. അതേസമയം, അഭയാർഥികൾ മടങ്ങിപ്പോകണമെന്നാണ് തുർക്കി പൗരൻമാരിൽ പലരും ആഗ്രഹിക്കുന്നത്. ഇതിനെ എതിർക്കുന്ന സമീപനമാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെത്.

എന്നാൽ, സിറിയയിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരെ മടക്കി അയക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്യുന്നുണ്ട് ഉർദുഗാൻ. 2023ൽ തുർക്കിയിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, അഭയാർഥി പ്രശ്നം പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 

Tags:    
News Summary - Turkey Man arrested after kicking elderly Syrian woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.