ട്രംപ് നിയമിച്ച ഗസ്സ ‘സമാധാന സമിതി’യിൽ ഇറാഖ് അധിനിവേശത്തിൽ പ​ങ്കെടുത്ത ടോണി ബ്ലെയറും; ഇന്ത്യൻ വംശജൻ അടക്കം ഏഴ് അംഗങ്ങൾ

വാഷിങ്ടൺ: വംശഹത്യാ യുദ്ധത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണത്തിന്റെയും ഭരണത്തിന്റെയും അടുത്ത ഘട്ടത്തിന് നേതൃത്വം നൽകാനെന്ന അവകാശ​​വാദമുന്നയിച്ച്, ഡോണൾഡ് ട്രംപ് പുതുതായി രൂപീകരിച്ച ‘സമാധാന സമിതി’യിൽ ഇറാഖ് അധിനിവേശത്തിൽ പ​ങ്കെടുത്ത മുൻ ബ്രിട്ടീഷ് പ്രധാന​മ​ന്ത്രി ടോണി ബ്ലെയറും. പുറ​മെ ഇന്ത്യൻ വംശജനും ലോക ബാങ്ക് പ്രസിഡന്റുമായ അജയ് ബംഗ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകനും ദീർഘകാല ഉപദേഷ്ടാവുമായ ജാർദ് കുഷ്‌നർ എന്നിവരും ഉൾപ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഏഴ് അംഗ സ്ഥാപക എക്സിക്യൂട്ടിവ് ബോർഡിന്റെ ചെയർമാനായി ട്രംപ് തന്നെ പ്രവർത്തിക്കും. വരും ആഴ്ചകളിൽ കൂടുതൽ നിയമനങ്ങൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഗസ്സ സ്വദേശിയും ഫലസ്തീൻ അതോറിറ്റിയിലെ മുൻ ഡെപ്യൂട്ടി മന്ത്രിയുമായ അലി ഷാത്തിന്റെ നേതൃത്വത്തിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക.

അതേസമയം, ബ്ലെയറിനെ ഉൾപ്പെടുത്തിയത് മേഖലയിൽ വിവാദമാവാനിടയുണ്ട്. 2003ൽ യു.എസ് നയിച്ച ഇറാഖ് അധിനിവേശത്തിൽ ​​​​ബ്ലെയർ വഹിച്ച പങ്കുമൂലം മിഡിൽ ഈസ്റ്റിലെ ഒരു വിമത വ്യക്തിത്വമാണ് ഈ മുൻ ലേബർ നേതാവ്. 2007ൽ സ്ഥാനമൊഴിഞ്ഞ ഉടൻ തന്നെ അദ്ദേഹം യു.എസ്, യൂറോപ്യൻ യൂനിയൻ, റഷ്യ, യു.എൻ എന്നിവരടങ്ങുന്ന ‘ക്വാർട്ടറ്റി’ന്റെ പ്രത്യേക പ്രതിനിധിയായി. ഇസ്രായേലിനും ഫലസ്തീനും ഇടയിൽ സമാധാനം തേടുന്ന ഒരു ഗ്രൂപ്പാണിത്. എന്നാൽ, ഇസ്രായേലികളുമായി വളരെ അടുപ്പമുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് 2015ൽ സ്ഥാനമൊഴിയുകയുണ്ടായി.

ബ്ലെയർ ഇപ്പോഴും ഒരു വിഭാഗീയ വ്യക്തിത്വമാണെന്ന് സമ്മതിച്ച ട്രംപ്, എന്നാൽ, തനിക്ക് ടോണിയെ എപ്പോഴും ഇഷ്ടമാണെന്നും എല്ലാവർക്കും സ്വീകാര്യമായ ഒരു തിരഞ്ഞെടുപ്പാണ് അദ്ദേഹമെന്ന് താൻ ക​​ണ്ടെത്തിയെന്നും അവകാശപ്പെട്ടു.

ദൈനംദിന തന്ത്രങ്ങളും പ്രവർത്തനങ്ങളും മേൽനോട്ടം വഹിക്കുന്നതിനായി ആര്യേ ലൈറ്റ്സ്റ്റോണിനെയും ജോഷ് ഗ്രുൻബോമിനെയും ട്രംപ് നിയമിച്ചു. ബൾഗേറിയൻ രാഷ്ട്രീയക്കാരനും മിഡിൽ ഈസ്റ്റിലേക്കുള്ള മുൻ യു.എൻ പ്രതിനിധിയുമായ നിക്കോളായ് മ്ലാഡെനോവ് ഗസ്സയുടെ ഉന്നത പ്രതിനിധിയായി പ്രവർത്തിക്കും.

ഗസ്സക്കെന്ന പേരിൽ യു.എസ് മധ്യസ്ഥതയിലുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ട്രംപ് ‘സമാധാന ബോർഡ്’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പട്ടിക പരസ്യമാക്കിയത്. ‘ഏറ്റവും മഹത്തരവും അഭിമാനകരവുമായ ബോർഡ്’ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധാനന്തര ഗസ്സയിലെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ 15 അംഗ ഫലസ്തീൻ ടെക്നോക്രാറ്റിക് കമ്മിറ്റിയുടെ രൂപീകരണത്തെ തുടർന്നാണ് ഇതിന്റെ രൂപീകരണം.

ഗവൺമെന്റിന്റെ ശേഷി വർധിപ്പിക്കൽ, പ്രാദേശിക ബന്ധങ്ങൾ, പുനർനിർമാണം, നിക്ഷേപ ആകർഷണം, വലിയ തോതിലുള്ള ധനസഹായം, മൂലധന സമാഹരണം എന്നിവയും പുറമെ, ഗസ്സയുടെ സ്ഥിരതക്കും ദീർഘകാല വിജയത്തിനും നിർണായകമായ ഒരു പദ്ധതിക്ക് ഓരോ ബോർഡ് അംഗവും മേൽനോട്ടം വഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ, പ്രധാന അറബ് രാഷ്ട്രങ്ങൾ, അന്താരാഷ്ട്ര സമൂഹം എന്നിവരുമായി അടുത്ത പങ്കാളിത്തത്തോടെ പ്രവർത്തിച്ചുകൊണ്ട് മാറ്റത്തെ പിന്തുണക്കാൻ അമേരിക്ക പൂർണമായും പ്രതിജ്ഞാബദ്ധമാണന്നും അത് ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Trump's ‘Gaza peace board' includes Tony Blair, who participated in Iraq invasion; seven members, including one of Indian origin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.