യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം...


എല്ലാവർക്കും നന്ദി.

ഏതാനും സമയം മുമ്പ് ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവകേന്ദ്രങ്ങൾ, ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ യു.എസ് സൈന്യം വിജയകരമായി ആക്രമിച്ചിരിക്കുകയാണ്. വിനാശകരമായ ഈ സ്ഥാപനങ്ങളെക്കുറിച്ച് വർഷങ്ങളായി എല്ലാവരും കേൾക്കുന്നതാണ്. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ ശേഷി തകർക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുവഴി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ലോകത്ത് ഒന്നാമതുള്ള രാഷ്ട്രത്തിന്‍റെ ഭീഷണി അവസാനിപ്പിക്കലും.

ഇറാനിലെ ആക്രമണം ഒരു വലിയ സൈനിക വിജയമായിരുന്നു എന്ന് ഞാൻ ലോകത്തെ അറിയിക്കുകയാണ്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണ്ണമായും തകർന്നു. ഇറാൻ ഇനി സമാധാനത്തിലേക്ക് വരണം. അവർ അതിനു തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ കനത്തതായിരിക്കും.

അമേരിക്കയുടെയും ഇസ്രായേലിന്റെയും അന്ത്യം എന്ന് 40 വർഷമായി പറഞ്ഞു കൊണ്ടിരിക്കുകയാണ് ഇറാൻ. അവർ നമ്മുടെ ജനങ്ങളെ കൊല്ലുകയും ആയുധങ്ങൾ തകർക്കുകയും റോഡ് സൈഡിൽ ബോംബുകൾ പൊട്ടിച്ച് ആളുകളുടെ കാലുകൾ ചിതറിക്കുകയും ചെയ്യുകയായിരുന്നു. അതാണ് അവരുടെ പ്രത്യേകത.

നമുക്ക് നഷ്ടമായത് ആയിരത്തിലേറെ ആളുകളുടെ ജീവനാണ്. പശ്ചിമേഷ്യയിലാകട്ടെ ഇത് ലക്ഷക്കണക്കിന് വരും. അവരുടെ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ നടപടിയിലൂടെ ലോകത്ത് കൊല്ലപ്പെട്ടത് നിരവധി പേരാണ്. ഇത് ഇനിയും അനുവദിക്കില്ലെന്ന് ഏറെക്കാലം മുമ്പേ ഞാൻ തീരുമാനിച്ചതാണ്. ഇത് ഇനിയും തുടരാനാവില്ല.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് ഞാൻ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ്. മുമ്പ് ആരും പ്രവർത്തിച്ചിട്ടില്ലാത്തതുപോലെ, ഞങ്ങൾ ഒരു ടീമായി പ്രവർത്തിച്ചു. ഇസ്രായേലിന് നേരെയുള്ള ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതിൽ ഞങ്ങൾ വളരെ ദൂരം സഞ്ചരിച്ചു.

ഇസ്രായേൽ സൈന്യത്തിന് അവർ ചെയ്ത മികച്ച ജോലിക്ക് ഞാൻ നന്ദി പറയുന്നു. ഇന്നത്തെ ആക്രമണത്തിൽ വിമാനം പറത്തിയ അമേരിക്കൻ പോരാളികളെ ഞാൻ നന്ദി അറിയിക്കുകയാണ്. ദശാബ്ദങ്ങളായി ലോകം കാണാത്ത രീതിയിലുള്ള ഓപ്പറേഷൻ നടത്തിയ യു.എസ് സൈന്യത്തിലെ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ ഇനി അവരുടെ സേവനം ആവശ്യമായി വരില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കട്ടെ. സൈനിക മേധാവി ജനറൽ ഡാൻസ് റെസിൻ കെയ്നിനെയും അഭിനന്ദിക്കുന്നു

ഇറാന് ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസമായി കണ്ടുകൊണ്ടിരിക്കുന്നതിനേക്കാൾ വലിയ നാശം, അതാണ് മുന്നിലുള്ളത്. ഇനിയും ഏറെ ലക്ഷ്യകേന്ദ്രങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് ഓർക്കുക. ഏറ്റവും പ്രയാസമുള്ളവയാണ് ഇന്ന് രാത്രി ആക്രമിച്ചത്. പക്ഷേ, എത്രയും വേഗം സമാധാനം കൈവരിച്ചില്ലെങ്കിൽ മറ്റുള്ള ലക്ഷ്യങ്ങളെയും കൃത്യതയോടെ ആക്രമിക്കും. മിനിറ്റുകൾ കൊണ്ട് അവയെ തകർത്തെറിയും. ഇന്ന് രാത്രി ചെയ്തത് ലോകത്തെ മറ്റൊരു സൈന്യത്തിനും ചെയ്യാനാകില്ല. അടുത്തെത്താൻ പോലുമാകില്ല.

ജനറൽ കെയ്ൻ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവർ നാളെ രാവിലെ എട്ടിന് പെന്‍റഗണിൽ വാർത്തസമ്മേളനം വിളിക്കും. എല്ലാവരോടും, പ്രത്യേകിച്ച് ദൈവത്തോട്, ഞാൻ നന്ദി പറയുകയാണ്. ദൈവമേ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. മഹത്തായ സൈന്യത്തെ സ്നേഹിക്കുന്നു. അവരെ സംരക്ഷിക്കുക. പശ്ചിമേഷ്യയെ ദൈവം രക്ഷിക്കട്ടെ. ഇസ്രായേലിനെ ദൈവം രക്ഷിക്കട്ടെ. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ. എല്ലാവർക്കും നന്ദി.

Tags:    
News Summary - Trump’s full speech on US strikes on Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.