ഹൂതികൾക്കെതിരായ സൈനിക നീക്കം ചോർന്ന സംഭവം; ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നീക്കി പുതിയ ചുമതല നൽകി ട്രംപ്

വാഷിംങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിനെ മാറ്റി ഐക്യരാഷ്ട്രസഭയിലെ അംബാസഡറായി നാമനിർദേശം ചെയ്തു. യെമനിലെ ഹൂതികൾക്കെതിരായ ആക്രമണത്തിന്റെ വിരങ്ങൾ ചോർന്നതിനു പിന്നാലെ നടക്കുന്ന ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യത്തെ പ്രധാന ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയാണിത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ താൽക്കാലിക ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

യെമനിലെ ഹൂതികൾക്കെതിരായ സൈനിക ആക്രമണം ഏകോപിപ്പിക്കാൻ വാൾട്ട്സ് ‘എൻക്രിപ്റ്റ്’ ചെയ്ത മെസേജിങ് ആപ്പായ ‘സിഗ്നൽ’ ഉപയോഗിച്ചുവെന്ന സ്ഫോടനാത്മക റിപ്പോർട്ട് പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണിത്. ഇതെ തുടർന്ന് വാൾട്ട്സും ഡെപ്യൂട്ടി അലക്സ് വോങ്ങും സ്ഥാനങ്ങൾ വിടാൻ പോകുന്നുവെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.

ഫ്ലോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗമായ വാൾട്ട്സ്, ‘ദി അറ്റ്ലാന്റിക്ക്’ പത്രത്തിന്റെ ജെഫ്രി ഗോൾഡ്ബെർഗിനെ തെറ്റായി സ്വകാര്യ ചാറ്റിൽ ചേർത്തു. ഇത് ആക്രമണത്തിനു ശേഷമുള്ള പ്രധാന പ്രവർത്തന വിശദാംശങ്ങൾ, സമയം, ആയുധ പാക്കേജുകൾ എന്നിവയുടെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചു.

‘സിഗ്നൽ’ ത്രെഡിലെ നിർദിഷ്ട സൈനിക പദ്ധതികൾ വെളിപ്പെടുത്തിയത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണെങ്കിലും ഗ്രൂപ്പ് സൃഷ്ടിച്ചതും അബദ്ധവശാൽ ഒരു മാധ്യമ പ്രവർത്തകനെ വായിക്കാൻ ക്ഷണിച്ചതും വാൾട്ട്സാണ്. ‘ഞാൻ ഗ്രൂപ് നിർമിച്ചുവെന്നും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും’ വാട്സ് അന്ന് ഫോക്സ് ന്യൂസിനോട് പറയുകയുണ്ടായി. എന്നാൽ, ട്രംപ് തന്റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങളെയും ഉടൻ തന്നെ പരസ്യമായി പിന്തുണച്ചു. വാൾട്ട്സിനെ ‘പാഠം പഠിച്ച ഒരു നല്ല മനുഷ്യൻ’ എന്ന് വിളിച്ചു.

അതേസമം, മൈക്കല്‍ വാള്‍ട്‌സിനെ ദേശീയ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും വാള്‍ട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ ട്രംപ്, യുദ്ധഭൂമിയില്‍ യൂണിഫോമിലും കോണ്‍ഗ്രസിലും തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും മൈക്ക് വാള്‍ട്ട്‌സ് രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്കായി കഠിനമായി പരിശ്രമിച്ചതായും ‘ട്രൂത്ത് സോഷ്യലില്‍’ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെ ട്രംപിന്റെ രണ്ടാം ഭരണത്തില്‍ വൈറ്റ് ഹൗസ് വിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായി വാട്‌സ് മാറി.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിന് നന്ദി അറിയിച്ചുകൊണ്ട് മൈക്കല്‍ വാള്‍ട്‌സും സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. പ്രസിഡന്റ് ട്രംപിനും രാഷ്ട്രത്തിനും വേണ്ടിയുള്ള തന്റെ സേവനം തുടരുന്നതില്‍ അതിയായ അഭിമാനമുണ്ടെന്നായിരുന്നു വാള്‍ട്‌സിന്റെ പ്രതികരണം. അതേസമയം, യു.എസ് സ്റ്റേറ്റ് സ്‌ക്രട്ടറിയായ മാര്‍ക്കോ റൂബിയോയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് നിയമിച്ച ട്രംപിന്റെ പ്രഖ്യാപനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരെ വിസ്മയിപ്പിച്ചതായി ബി.ബി. സി റിപ്പോര്‍ട്ട് ചെയ്തു. അമ്പത് വര്‍ഷം മുമ്പുള്ള ഹെന്റി കിസിഞ്ചറിനുശേഷം സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് റൂബിയോ.

Tags:    
News Summary - Trump's aide who leaked Signal chat loses key role, nominated to be UN envoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.