ബ്രിക്സിന്‍റേത് അമേരിക്കൻ വിരുദ്ധ നയം, സഹകരിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് പത്ത് ശതമാനം അധിക തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബ്രിക്സിന്‍റേത് അമേരിക്കൻ വിരുദ്ധ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വികസിച്ചുവരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടി ആരോപിച്ചതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഏകപക്ഷീയമായ താരിഫ് വർധനവിൽ ആശങ്ക പ്രകടിപ്പിച്ച ബ്രിക്സ്, ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ബ്രസീലിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രീസിലിനു പുറമെ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Full View

പഹൽഗാം ഭീകരാക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏതെങ്കിലും രാജ്യം പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരതക്ക് പിന്തുണ നൽകുകയാണെങ്കിൽ അവർ അതിന് വില നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പിന്റെ ഇരകളാണ് ഗ്ലോബൽ സൗത്ത് എന്നും മോദി കൂട്ടിച്ചേർത്തു. ലോകസമ്പദ്‍വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് തീരുമാനങ്ങളെടുക്കുന്ന വേദിയിൽ സ്ഥാനമില്ലെന്ന് മോദി പറഞ്ഞു. യു.എൻ രക്ഷാസമിതി ഉൾപ്പെടെ പ്രധാന വേദികൾ അടിയന്തരമായി പരിഷ്‍കരിക്കണം. 20ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

ഗ്ലോബൽ സൗത്ത് ഇല്ലാത്ത ഈ സ്ഥാപനങ്ങൾ സിം കാർഡുണ്ടെങ്കിലും നെറ്റ്‍വർക്കില്ലാത്ത മൊബൈൽ ഫോൺ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സിൽ പങ്കെടുക്കുന്നതുകൂടാതെ മോദി ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തും. അർജന്റീന സന്ദർശിച്ച മോദി പ്രസിഡന്റ് ഹാവിയർ മിലൈയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഘാന, ട്രിനിഡാഡ്-ടുബേഗോ എന്നിവിടങ്ങളും സന്ദർശിച്ച മോദി നമീബിയകൂടി സന്ദർശിച്ച ശേഷമാവും ഇന്ത്യയിലെത്തുക.

Tags:    
News Summary - Trump warns of additional tariff for countries aligning with BRICS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.