വാഷിങ്ടൺ: സമാധാനത്തിനായി ഇറാൻ നൽകിയ 14 ഇന നിർദ്ദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരസ്പരം ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകുക, ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കുക, ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം പൂർണമായും നിർത്തലാക്കുക, ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽനിന്ന് യു.എസ് സൈന്യം പിന്മാറുകയും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നേട്ടുവെച്ചിരിക്കുന്നത്.
പദ്ധതി പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും, ഇറാനുമായി ഒരു കരാറിലെത്താൻ നിലവിൽ സാധ്യതയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ 47 വർഷമായി ഇറാൻ ലോകത്തോട് ചെയ്ത കാര്യങ്ങൾക്ക് മതിയായ വില നൽകിയിട്ടില്ലെന്ന് അദ്ദേഹം തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാൻ വീണ്ടും ‘തെറ്റായ രീതിയിൽ’ പെരുമാറിയാൽ ആക്രമണങ്ങൾ തുടരാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ചർച്ചകൾ നടക്കുമ്പോഴും ദക്ഷിണ ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ ആക്രമണങ്ങളിൽ വലിയ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹുർമുസ് കടലിടുക്ക് വഴി വീണ്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നാവിക സഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത് എന്നാണ് ട്രംപിന്റെ ഭാഷ്യം.
ഇറാൻ ആണവ നിരായുധീകരണത്തിന് തയ്യാറാവണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്നും ഇത് അടുത്ത ഘട്ടത്തിൽ ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ നിലപാട്.ഇരുകൂട്ടരും തമ്മിൽ നേരത്തെയും സമാധാന ചർച്ചകൾ നടന്നിരുന്നെങ്കിലും അലസിപ്പിരിയുകയായിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. അതേസമയം, യുദ്ധത്തിന് യു.എസ് കോൺഗ്രസിന്റെ അനുമതി തേടാനുള്ള 60 ദിവസത്തെ സമയപരിധി അവസാനിക്കവേ, ഇറാനുമായുള്ള ശത്രുത അവസാനിച്ചു എന്നും ഇനി അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് കോൺഗ്രസിന് കത്ത് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.