വംശീയ കണ്ണോടെ തുടർച്ചയായ മാധ്യമ വിചാരണ; കേംബ്രിഡ്ജ് സർവകലാശാലയുടെ പ്രായംകുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസർ മരിച്ച നിലയിൽ

ലണ്ടൻ: കോപ്പിയടി വിവാദത്തെ തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസറെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് പ്രഫസർ ജെയ്‌സൺ അർഡേയെ സൗത്ത് ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കോപ്പിയടി ആരോപണങ്ങളെ തുടർന്ന് സർവകലാശാല പദവിയിൽനിന്ന് രാജിവെച്ചിരുന്നു. ഇത് കഴിഞ്ഞ് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കടുത്ത സമ്മർദ്ദത്തിലാണെന്നും ജീവിതം താറുമാറായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊലീസ് സൗത്ത് ലണ്ടനിലെ വസതിയിൽ എത്തുമ്പോൾ അർഡേയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. മരണം അപ്രതീക്ഷിതമാണെന്നും എന്നാൽ ദുരൂഹതയില്ലെന്ന് കരുതുന്നതായും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സെൻട്രൽ സൗത്ത് കമാൻഡ് യൂണിറ്റ് ഓഫിസർമാർ അന്വേഷണം നടത്തുന്നുണ്ടെന്നും കോറോണർക്കായി റിപ്പോർട്ട് തയാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കടുത്ത മാധ്യമ വിചാരണയുടെ ഇരയാണ് അർഡേയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജൂലൈ 24നും ആഗസ്റ്റ് 14നും ഇടയിലായി ഇദ്ദേഹത്തെ സംബന്ധിച്ച 15 ദേശീയ മാധ്യമങ്ങളിലായി 249 ലേഖനങ്ങളാണ് വന്നതെന്ന് മീഡിയ വാച്ച്ഡോഗ് ‘ന്യൂസ്കോഡ്’ അറിയിച്ചു. രാജിവെച്ച ശേഷമുള്ള ഒമ്പത് ദിവസങ്ങളിലായി 188 ലേഖനങ്ങളാണ് പുറത്തുവന്നത് എന്നുള്ളത് ഗൗരവപരമായ കാര്യമാണ്. ശരാശരി 20.9 ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. മരിച്ച ദിവസം മാത്രം 27 ലേഖനങ്ങളാണ് മാധ്യമങ്ങളിൽ വന്നത്.

സർവകലാശാലയിലെ ഏറ്റവും പ്രായംകുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസറായി 2023ൽ കേംബ്രിഡ്ജിൽ ഇദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ജീസസ് കോളജിലെ പ്രഫസർ, ഫെലോ എന്നീ പദവികളിൽനിന്നാണ് ആഗസ്റ്റ് അഞ്ചിന് രാജിവെച്ചത്.

ഇദ്ദേഹത്തിന്റെ അക്കാദമിക പ്രവർത്തനങ്ങളെയും വ്യക്തിജീവിതത്തെയും കുറിച്ച് ആഴ്ചകളോളം നടന്ന അന്വേഷണാത്മക റിപ്പോർട്ടിങ്ങുകൾക്കും ഡോക്ടറൽ തീസിസിലെ പ്ലേജിയറിസം (കോപ്പിയടി) ആരോപണങ്ങൾക്കും പിന്നാലെയായിരുന്നു രാജി.

വ്യക്തിപരമായ ആക്രമണങ്ങൾക്കും കടുത്ത സൂക്ഷ്മപരിശോധനയ്ക്കും ഇരയായതിനെ തുടർന്നാണ് ഈ പദവി ഒഴിയുന്നതെന്ന് രാജി കത്തിൽ വ്യക്തമാക്കിയിരുന്നു.

തന്റെ നിയമനം ലോകമെമ്പാടുമുള്ള ആളുകളിൽനിന്ന് ‘കഴിവ്, സ്ഥിരോത്സാഹം, പ്രത്യാ’ ' എന്നിവയുടെ പ്രതീകമായി വലിയ സ്വീകാര്യത നേടിയിരുന്നുവെന്ന് അദ്ദേഹം ഓർത്തു. മൂന്നാം വയസ്സിൽ ഓട്ടിസം ബാധിക്കപ്പെടുകയും 11 വയസ്സുവരെ സംസാരിക്കാൻ കഴിയാതിരിക്കുകയും ചെയ്തതടക്കം തന്റെ ബാല്യകാലത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചിരുന്നു.

അക്കാദമിക കൃതികളിലെ കോപ്പിയടി, കായിക നേട്ടങ്ങൾ, ധനസമാഹരണം എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ എന്നിവയാണ് വിവാദങ്ങൾക്ക് കാരണമായത്. സയണിസ്റ്റും മുൻ കേംബ്രിഡ്ജ് ഫിലോസഫി ഗവേഷകനുമായ നഥാൻ കോഫ്നാസ് ആണ് ജൂലൈയിൽ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മുൻകാലങ്ങളിൽ വംശീയതയെക്കുറിച്ചും മെറിറ്റോക്രസിയെക്കുറിച്ചും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് കോഫ്നാസ്.

ഘാനയിൽനിന്നുള്ള മാതാപിതാക്കളുടെ മകനായി 1985 മേയ് ഒമ്പതിന് ലണ്ടനിലെ ക്ലാപ്ഹാമിലാണ് ജെയ്‌സൺ അർഡേ ജനിച്ചത്. നാല് സഹോദരന്മാരിൽ മൂന്നാമനായിരുന്നു. മാതാവ് മാനസികാരോഗ്യ നഴ്സും അച്ഛൻ ഷെഫുമായിരുന്നു.

മൂന്നാം വയസ്സിൽ ഓട്ടിസം, ഗ്ലോബൽ ഡെവലപ്‌മെന്റൽ ഡിലേ (കുട്ടികളിൽ ഒന്നിൽ കൂടുതൽ വികസന മേഖലകളിൽ — സംസാരം, ചലനശേഷി, ചിന്താശേഷി, സാമൂഹിക ഇടപെടലുകൾ — വളർച്ച പ്രായത്തിനനുസരിച്ച് വൈകുന്ന അവസ്ഥയാണിത്), ബധിരത, ഡിസ്കൽകുലിയ എന്നിവ ബാധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.

11 വയസ്സുവരെ അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. 2015ൽ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽനിന്ന് വിദ്യാഭ്യാസശാസ്ത്രത്തിൽ പിഎച്ച്.ഡി കരസ്ഥമാക്കി. ഫിൽ വിക്കർമാന്റെ മേൽനോട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ തീസിസ് പൂർത്തിയാക്കിയത്.

Tags:    
News Summary - Cambridge’s youngest Black professor Jason Arday found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.