വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ കൈമാറാനുള്ള നീക്കത്തിൽനിന്ന് ചൈന പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകിയാൽ ചൈന വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇറാൻ സൈന്യത്തിന്റെ പ്രഹരശേഷി അമേരിക്ക പൂർണമായും തകർത്തുവെന്ന അവകാശവാദങ്ങൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിന് പുറത്ത് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്.
"ചൈന ഇറാന് സൈനികസഹായം നൽകിയാൽ അവർ വലിയ പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും, -ട്രംപ് വ്യക്തമാക്കി. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കവെയാണ് ചൈന ആയുധങ്ങൾ എത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലേക്ക് അയക്കാൻ ഒരുങ്ങുകയാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരുന്നത്. ഉറവിടം മറച്ചുവെക്കുന്നതിനായി മൂന്നാം രാജ്യങ്ങൾ വഴിയാണ് ആയുധക്കൈമാറ്റം നടക്കുന്നത്. യു.എസ് സൈനിക വിമാനങ്ങൾക്ക് ഭീഷണിയായേക്കാവുന്ന തോളിലിരുന്ന് ലക്ഷ്യമിടാവുന്ന 'മാൻപാഡ്സ്' മിസൈലുകളാണ് ചൈന നൽകുന്നതെന്നും വെടിനിർത്തൽ സമയം ഇറാൻ തങ്ങളുടെ ആയുധശേഖരം വിദേശ പങ്കാളികളുടെ സഹായത്തോടെ വർധിപ്പിക്കുകയാണെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ആയുധ കൈമാറ്റം സംബന്ധിച്ച വാർത്തകൾ ചൈന പൂർണമായും നിഷേധിച്ചു. തങ്ങൾ ഒരു പക്ഷത്തേക്കും ആയുധങ്ങൾ എത്തിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി അറിയിച്ചു. യു.എസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചൈന പ്രതികരിച്ചു.
ഇസ്ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾ വിജയിച്ചില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ചർച്ചയിൽ തീരുമാനമെടുക്കുന്നതിൽ അമേരിക്ക പരാജിതരായെന്ന് ഇറാന്റെ പക്ഷത്തുനിന്ന് ഇസ് ലാമാബാദിൽ ചർച്ചക്കെത്തിയ പാർലമെന്റ് സ്പീക്കർ കൂടിയായ മുഹമ്മദ് ബാഖിർ ഖാലിബാഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.