ബീജിങ്: ലോകം ഉറ്റുനോക്കിയ സന്ദർശനം കഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും ചൈനയിൽനിന്ന് മടങ്ങിയത് തങ്ങൾക്ക് ലഭിച്ച ഉപഹാരങ്ങളും സമ്മാനങ്ങളും വിമാനത്താവളത്തിൽ ഉപേക്ഷിച്ച്. ചൈനയിൽനിന്നുള്ള യാതൊരു വസ്തുവും ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിൽ' കയറ്റരുതെന്ന കർശന സുരക്ഷാനിർദേശത്തെ തുടർന്നായിരുന്നു നടപടി. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് തൊട്ടുമുമ്പ് ബീജിങ് വിമാനത്താവളത്തിൽ പരസ്യമായാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ചൈനീസ് അധികൃതർ നൽകിയ തിരിച്ചറിയൽ കാർഡുകൾ, പ്രത്യേക പരിപാടികൾക്കുള്ള പാസുകൾ, ഉദ്യോഗസ്ഥർക്ക് നൽകിയ താൽക്കാലിക ഫോണുകൾ, ബാഡ്ജുകൾ, മറ്റ് ഉപഹാരങ്ങൾ എന്നിവയെല്ലാം ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽപെടുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവിസും വൈറ്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ ചവറ്റുകൊട്ടയിലേക്ക് പരസ്യമായി എറിയുകയായിരുന്നുവെന്ന് സാക്ഷികളായ മാധ്യമപ്രവർത്തകർ പറഞ്ഞു.
ട്രംപിനൊപ്പമുണ്ടായിരുന്ന ശതകോടീശ്വരൻ ഇലോൺ മസ്ക്, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് എന്നിവരടക്കമുള്ള ഉന്നത സംഘം തങ്ങളുടെ വ്യക്തിഗത ഫോണുകളും ലാപ്ടോപ്പുകളും അമേരിക്കയിൽ തന്നെവെച്ചായിരുന്നു യാത്ര തിരിച്ചത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ഫോണുകളാകട്ടെ ജി.പി.എസ്, വൈ-ഫൈ, ബ്ലൂടൂത്ത് സിഗ്നലുകൾ പൂർണമായും തടയുന്ന പ്രത്യേക 'ഫാരഡെ ബാഗുകളിൽ' സൂക്ഷിക്കുകയായിരുന്നു.
സന്ദർശന വേളയിൽ അടിയന്തര ആശയവിനിമയങ്ങൾക്കായി ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള താൽക്കാലിക ഫോണുകളും ഇമെയിൽ വിലാസങ്ങളുമാണ് ട്രംപും സംഘവും ഉപയോഗിച്ചത്. ചൈനീസ് സൈബർ ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, "അവർ നമ്മളെ നിരീക്ഷിക്കുന്നത് പോലെ നമ്മൾ തിരിച്ചും അവരെ ശക്തമായി നിരീക്ഷിക്കുന്നുണ്ട്" എന്ന് ട്രംപ് തുറന്നു സമ്മതിക്കുകയും ചെയ്തു.
ചൈനീസ് ഉപകരണങ്ങളിലൂടെയും ഉപഹാരങ്ങളിലൂടെയും തങ്ങളുടെ വിവരങ്ങൾ ചോർത്താനും നിരീക്ഷിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അമേരിക്ക ഈ നടപടി സ്വീകരിക്കുന്നതിന്റെ കാരണം. മുൻകാലങ്ങളിലും ഇത്തരം സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്രയും പരസ്യമായി ഉപഹാരങ്ങൾ തെരുവിൽ ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്. 2023ൽ ബീജിങ്ങിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥന് സമ്മാനമായി ലഭിച്ച ചായക്കീറ്റിൽനിന്ന് രഹസ്യ നിരീക്ഷണ ഉപകരണം കണ്ടെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.