ന്യൂയോർക്ക്: അമേരിക്ക ഏർപ്പെടുത്തിയ തുറമുഖ ഉപരോധം ഇറാനുമേൽ കനത്ത സമർദമുണ്ടാക്കുന്നുണ്ടെന്നും ഉടൻ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ കരാറിലെത്തുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങൾ നടത്തുന്നതിനേക്കാൾ ഫലപ്രദമാണ് ഉപരോധമെന്നും ട്രംപ് അവകാശപ്പെട്ടു.
"വളരെ ശക്തവും സുപ്രധാനവുമായ ഒരു കരാറിനോട് നമ്മൾ ഏറെ അടുത്തു കഴിഞ്ഞു. ബോംബാക്രമണം നടത്തുക എന്നത് അമേരിക്കയെ സംബന്ധിച്ച് വളരെ എളുപ്പമുള്ള കാര്യമാണ്. രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ച ബോംബിട്ടാൽ ഇറാന് എല്ലാം നഷ്ടമാകും. എന്നാൽ അത് ഹുർമുസ് കടലിടുക്ക് മാസങ്ങളോളം അടഞ്ഞുകിടക്കാൻ കാരണമാകും," ട്രംപ് പറഞ്ഞു.
കൂടുതൽ ആളുകൾ കൊല്ലപ്പെടാൻ തനിക്ക് താല്പര്യമില്ലെന്നും ബോംബാക്രമണം നടത്തുന്നതിനേക്കാൾ ശക്തമായ വ്യവസ്ഥകളുള്ള ഒരു കരാറിലാണ് അമേരിക്ക ഒപ്പുവെക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധം മൂലം ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും അതുകൊണ്ടുതന്നെ അവർ കരാറിന് തയാറാകുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ കരാർ പ്രകാരം ഇറാനെ ഒരു തരത്തിലും ആണവായുധങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്നും കരാർ ഒപ്പുവെക്കുന്നതോടെ ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചക്ക് ശേഷം ഇറാനും ഇസ്രായേലും താല്ക്കാലികമായി പരസ്പര ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. കുറഞ്ഞത് ഒരാഴ്ചത്തേക്ക് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടി നൽകിയതിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ ട്രംപ്, എന്നാൽ ഇപ്പോൾ ഇരുവിഭാഗവും ആക്രമണങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണെന്നും ഒരാഴ്ചത്തേക്ക് ഈ സമാധാനാന്തരീക്ഷം തുടരുമെന്നും വ്യക്തമാക്കി. വരും ദിവസങ്ങളിൽ തന്നെ യു.എസും ഇറാനും തമ്മിലുള്ള അന്തിമ കരാർ യാഥാർത്ഥ്യമാകുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.