'ചൊവ്വാഴ്ച എന്നെ അറസ്റ്റ് ചെയ്തേക്കും, പ്രതിഷേധിക്കൂ'; ആഹ്വാനം ചെയ്ത് ട്രംപ്

വാഷിങ്ടൺ ഡി.സി: മാർച്ച് 21ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധിക്കൂവെന്ന് അണികളെ ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ ആഹ്വാനം.

മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. ചോർന്നുകിട്ടിയതാണ് ഈ വിവരം. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. 


Full View

നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന‌് 1,30,000 ഡോളർ (ഏകദേശം 1.07 കോടി രൂപ) നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ‌് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത‌് ഇവർ ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പ്രചാരണഫണ്ടില്‍ നിന്ന് പണംനല്‍കി വായടപ്പിച്ചതായുമാണ് ആരോപണം. ഇക്കാര്യത്തിൽ, പണം നൽകിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടിൽ നിന്നല്ലാണ് അവകാശപ്പെട്ടത്.

മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയായിരുന്നു ഇത്. തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എ.ബി.സി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റോമി ഡാനിയേൽ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകൻ മിഷേൽ കോഹെൻ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സൺ വഴി പണം കൈമാറിയത്.

Tags:    
News Summary - Trump says he will be arrested Tuesday, asks supporters to protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.