ഡോണൾഡ് ട്രംപ്
ദ ഹേഗ്: ഇറാൻ ഇനിയും ആണവായുധം നിർമിക്കാൻ ശ്രമിച്ചാൽ അവരെ വീണ്ടും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. ആണവായുധ സമ്പുഷ്ടീകരണം ഇറാൻ വീണ്ടും തുടങ്ങിയാൽ ആക്രമിക്കുമോയെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇറാന്റെ ആണവപദ്ധതികളെ ആക്രമണത്തിലൂടെ പതിറ്റാണ്ടുകൾ പിന്നിലാക്കിയെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ നടത്തിയ ആക്രമണത്തെ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ് നടത്തിയ അണുബോംബ് സ്ഫോടനത്തോടാണ് ട്രംപ് ഉപമിച്ചത്. ഹിരോഷമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ആക്രമണത്തോടെ യുദ്ധം അവസാനിച്ചുവെങ്കിൽ ഇവിടെയും അത് തന്നെയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർത്തുവെന്ന അമേരിക്കൻ അവകാശവാദം തെറ്റാണെന്ന സൂചന നൽകി പെന്റഗൺ ഇന്റലിജൻസ് വിലയിരുത്തൽ. ശനിയാഴ്ചയിലെ ബോംബിങ്ങിൽ ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം നശിപ്പിക്കാൻ യു.എസിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
ഇറാനിൽ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലുള്ള ആണവ കേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത പ്രഹമേൽപിച്ചതായാണ് യു.എസ് ലോകത്തെ അറിയിച്ചിരുന്നത്. കോൺക്രീറ്റിനടിയിൽ 18 മീറ്റർ ആഴത്തിലും ഭൂമിക്കടിയിൽ 61 മീറ്റർ ആഴത്തിലും കടന്നുചെന്ന് ഉഗ്രസ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ് തങ്ങളുടെ ബങ്കർ ബസ്റ്റർ ബോംബുകളെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.