ന്യൂയോർക്ക്: ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്കിൽ മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. സ്ഫോടക വസ്‌തു പൊലീസ് ബാരിക്കേഡിൽ തട്ടി വീണ പൊട്ടാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനി വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആറ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേരെ അറസ്ററ് ചെയ്തതായും റിപ്പോർട്ടുണ്ട്.
'സ്റ്റോപ്പ് ഇസ്‌ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി' എന്ന പേരിൽ തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്‌ക്ക് ലാങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ന്യൂയോർക് നഗരത്തിൽ നടക്കുന്ന ഇസ്‌ലാമികവൽക്കരണം അവസാനിപ്പിക്കുകയെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വച്ചത്. സംഘത്തിൽ 20 ഓളം പേരാണുണ്ടായിരുന്നത്. അതേസമയം മേയറെ അനൂകുലിച്ചും പ്രകടനം നടന്നു. സംഭ സ്ഥലത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
എന്നാൽ പ്രതിഷേധക്കാരല്ല സ്ഫോടക വസ്തു എറിഞ്ഞതെന്നും പ്രതിഷേധക്കാർക്ക് നേരെ മറ്റൊരു വ്യക്തിയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നും പൊലീസ് പറയുന്നു. ബോൾട്ടുകളും സ്ക്രൂകളും നിറച്ചതായിരുന്നു സ്ഫോടകവസ്തു. ഇതിന് പിന്നാലെ പ്രതിഷേധക്കാർക്കിടയിൽ നിന്ന ആരോ പെപ്പർ സ്പ്രേ ഉപയോഗിച്ചു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി.
കലാപക്കേസിൽ ജയിലിലായിരുന്ന ജെയ്‌ക്ക് ലാങ് ഡോണൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം പ്രത്യേക ഇളവ് ലഭിച്ചാണ് ജയിൽ മോചിതനായത്. നിലവിൽ ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ജെയ്‌ക് ലാങ് ജനസാധ്വീനം വർധിപ്പിക്കാനാണ് ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.