ഡൊണാൾഡ് ട്രംപ്
‘ഹൂതികൾക്കെതിരെ യു.എസ് രംഗത്തിറങ്ങണം’; ആവശ്യം ട്രംപ് നിരസിച്ചതായി റിപ്പോർട്ട്
വാഷിങ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെ യു.എസ് നേരിട്ട് സൈനിക നടപടി സ്വീകരിക്കണമെന്ന ഗൾഫ് രാജ്യത്തിന്റെ ആവശ്യം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഗൾഫ് ഭരണാധികാരി ട്രംപിനെ രണ്ട് തവണ ഫോണിൽ ബന്ധപ്പെട്ട് ഹൂതികൾക്കെതിരെ യു.എസ് വ്യോമാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ട്രംപ് ഈ ആവശ്യം അംഗീകരിച്ചില്ലെന്നും നിലവിൽ ഹൂതികൾക്കെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കാൻ യു.എസ് ഭരണകൂടത്തിന് പദ്ധതിയില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
യെമനിലെ സംഘർഷം അതിവേഗം രൂക്ഷമാകുന്നതിൽ യു.എസ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, മേഖലയിലെ സഖ്യ രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുമ്പോഴും യെമനിലെ സംഘർഷത്തിൽ നേരിട്ട് സൈനികമായി ഇടപെടുന്നത് ഒഴിവാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി അടിയന്തര ഏകോപന ചർച്ചകൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹുർമുസ് കടലിടുക്ക് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ നിർദേശമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.എസ് സൈനിക-സിവിലിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും പറയപ്പെടുന്നു. മറ്റൊരു സൈനിക മുന്നണി തുറക്കുന്നത് നിലവിൽ ഒഴിവാക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിക്കൊണ്ട് യമനിലെ ഹൂതി വിമതർ ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്തു. യമൻ സർക്കാരിന്റെ സേനയുമായി ദിവസങ്ങളോളം നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് നഗരം ഹൂതികളുടെ പൂർണ നിയന്ത്രണത്തിലായത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയുടെ പ്രവേശന കവാടമായ ബാബുൽ-മന്ദബ് കടലിടുക്കിൽ നിന്ന് വെറും 75 കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ ഹൂതികൾ നിലയുറപ്പിച്ചിരിക്കുന്നത്. ഈ നിർണായക മുന്നേറ്റം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും ആഗോള ഊർജ്ജ വിപണിയെയും അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.