90 വർഷം പഴക്കമുള്ള പെയിന്‍റിങ്ങിൽ 'സ്മാർട്ട്‌ഫോൺ'; സത്യം എന്ത്?
90 വർഷത്തോളം പഴക്കമുള്ള ഒരു പെയിന്‍റിങ്ങിൽ കണ്ട സ്മാർട്ട്‌ഫോണിന് സമാനമായ വസ്തു സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറ്റാലിയൻ-അമേരിക്കൻ കലാകാരനായ ഉംബർട്ടോ റൊമാനോ 1937ൽ വരച്ച 'മിസ്റ്റർ പിഞ്ചോൺ ആൻഡ് ദി സെറ്റ്ലിങ് ഓഫ് സ്പ്രിങ്ഫീൽഡ്' എന്ന മ്യൂറലാണ് ഈ കൗതുകകരമായ ചർച്ചക്ക് ആധാരം.
17ാം നൂറ്റാണ്ടിലെ മസാച്ചുത്സിൽ ഇംഗ്ലീഷ് കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഈ ചിത്രത്തിലുള്ളത്. ചിത്രത്തിന്‍റെ മധ്യഭാഗത്തായി ഒരാൾ തന്‍റെ കൈയിൽ കറുത്തതും ചതുരാകൃതിയിലുള്ളതുമായ ഒരു വസ്തു പിടിച്ച് അതിലേക്ക് സൂക്ഷിച്ചു നോക്കുന്നതായി കാണാം. ഇത് ഇന്നത്തെ സ്മാർട്ട്‌ഫോൺ പോലെയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ടൈെ ട്രാവൽ ആണോ എന്ന ചിലർ തമാസ രൂപേണ കമന്‍റ് ചെയ്തു.
കൊളോണിയൽ കാലത്ത് യൂറോപ്പുകാരുമായി തദ്ദേശീയ ജനം നടത്തിയ വ്യാപാരങ്ങളിൽ കണ്ണാടികളും ഉൾപ്പെട്ടിരുന്നു. അതിനാൽ ചിത്രത്തിലെ മനുഷ്യൻ കൈയിൽ പിടിച്ചിരിക്കുന്നത് ഒരു ചെറിയ കൈക്കണ്ണാടിയാകാനാണ് കൂടുതൽ സാധ്യതയെന്ന് 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ഇന്നത്തെ കാലത്തെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, അദ്ദേഹം ഫോൺ നോക്കുന്നതുപോലെ തോന്നിയതാണെന്ന് മാത്രം. പുസ്തകം, മതഗ്രന്ഥം, അല്ലെങ്കിൽ ഒരു ആയുധം ആകാം എന്ന അനുമാനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും കണ്ണാടിയെന്ന വാദത്തിനാണ് ചരിത്രപരമായി കൂടുതൽ സാധുതയുള്ളത്.
മസാച്ചുത്സിലെ സ്പ്രിങ്ഫീൽഡ് മെയിൻ പോസ്റ്റ് ഓഫിസിനായി 1937ൽ തയ്യാറാക്കിയ ആറ് മ്യൂറലുകളിൽ ഒന്നാണിത്. ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് കലാകാരന്മാരെ സഹായിക്കാനായി യു.എസ് സർക്കാർ ആരംഭിച്ച ഫെഡറൽ ആർട്ട് പ്രൊജക്റ്റിന്‍റെ ഭാഗമായാണ് ഇത് നിർമിച്ചത്. 1630കളിൽ സ്പ്രിങ്ഫീൽഡിന്‍റെ സ്ഥാപകരിൽ ഒരാളായ വില്യം പിഞ്ചോണും തദ്ദേശീയരായ അഗാവം ജനങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.