'ഇറാൻ യുദ്ധം തുടങ്ങിയതിൽ ഖേദമില്ല, ആണവായുധ ഭീഷണി ചെറുക്കാൻ സമാനമായ നടപടി ഇനിയും സ്വീകരിക്കും'; ഡോണൾഡ് ട്രംപ്
ഡാളസ്: ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൽ യാതൊരുവിധ ഖേദവുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വീണ്ടും സമാനമായ സാഹചര്യമുണ്ടായാലും താൻ ഇതുതന്നെ ചെയ്യുമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇറാന്റെ കൈകളിൽ ആണവായുധം എത്തുന്നതു തടയാനാണ് താൻ ഈ നീക്കം നടത്തിയതെന്ന് ട്രംപ് ന്യായീകരിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ അത് ഇസ്രായേലിനെയും പശ്ചിമേഷ്യയെയും തകർക്കുമെന്നും അമേരിക്കൻ നഗരങ്ങളെ ലക്ഷ്യമിടുമെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്നും തുടർന്ന് എണ്ണ-വാതക വില കുറയുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ജോർഡനിലെ യു.എസ് സൈനിക താവളത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന ഇറാന്റെ അവകാശവാദങ്ങളെയും റിപ്പോർട്ടുകളെയും ട്രംപ് തള്ളിക്കളഞ്ഞു.
അതിനിടെ, ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള കടുത്ത നീക്കങ്ങളിലാണ് വാഷിങ്ടൺ. അടുത്ത ആഴ്ചയോടുകൂടി വൻകിട ബാങ്കിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് അറിയിച്ചു. ഈജിപ്തിലെയും തുർക്കിയയിലെയും പ്രമുഖ ബാങ്കുകൾക്ക് ഇറാനുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബെസന്റ് വ്യക്തമാക്കി. നിലവിലെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തെ തുടർന്ന് ഇറാൻ അധികനാൾ പിടിച്ചുനിൽക്കില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
ഇതിനിടെ ഹുർമുസിൽ യു.എസിന് കനത്ത തിരിച്ചടി നൽകി ഇറാന്‍റെ നിർണായക നീക്കം നടന്നു. കപ്പൽ പാതയിൽ വെച്ച് യു.എസിന്റെ സെയിൽഡ്രോൺ മാതൃകയിലുള്ള ആളില്ലാ കപ്പലിനെ ആക്രമിച്ചുവെന്നും അതിന്റെ ആക്രമണ ദൗത്യം പരാജയപ്പെടുത്തിയതായും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.