വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പങ്കെടുക്കുന്ന ഉച്ചകോടി വെള്ളിയാഴ്ച അമേരിക്കൻ സംസ്ഥാനമായ അലാസ്കയിൽ നടക്കാനിരിക്കെ ഉറ്റുനോക്കി യുക്രെയ്നും യൂറോപും. യുക്രെയ്ൻ അധിനിവേശത്തോടെ രൂക്ഷമായ ആഗോള എതിർപ്പ് നേരിടുന്ന പുടിന് വീണ്ടും ലോക വൻശക്തിയായി തിരിച്ചുവരാനുള്ള അവസരമൊരുക്കുന്നതാണ് ഉച്ചകോടി.
പ്രവിശ്യ അമേരിക്കയിലാണെങ്കിലും റഷ്യയിൽനിന്ന് 90 കിലോമീറ്റർ മാത്രം അകലത്തിലാണ് അലാസ്ക. ഐ.സി.സി അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ യൂറോപ്യൻ അതിർത്തി ഒഴിവാക്കി അമേരിക്കയിലെത്താമെന്നത് പുടിന് അനുഗ്രഹമാകും. ഒപ്പം, യൂറോപിൽനിന്ന് ഏറെ അകലെയായതിനാൽ യുക്രെയ്ൻ ചർച്ചയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള യൂറോപ്യൻ യൂനിയൻ സമ്മർദവും മറികടക്കാം. 19ാം നൂറ്റാണ്ടിൽ സാർ ചക്രവർത്തിമാരുടെ കാലത്ത് റഷ്യ അമേരിക്കക്ക് വിൽപന നടത്തിയ പ്രദേശമാണ് അലാസ്ക.
യുക്രെയ്നിൽ വെടിനിർത്തലിന് മുന്നോടിയായി പിടിച്ചടക്കിയ ഡോനെറ്റ്സ്ക്, ലുഹാൻസ്ക്, സഫോറിഷ്യ, ഖേഴ്സൺ അടക്കം അഞ്ചിലൊന്ന് ഭൂമിയും വിട്ടുനൽകണമെന്നാണ് ആഗോള സമ്മർദം. എന്നാൽ, ഒരിഞ്ച് ഭൂമിയും വിട്ടുനൽകില്ലെന്ന് പുടിൻ പറയുന്നു. അലാസ്ക ഉച്ചകോടിയിൽ പുടിന്റെ നിലപാടിനൊപ്പം ട്രംപ് നിലയുറപ്പിക്കുമെന്നാണ് സൂചന.
മറുവശത്ത്, ആഗോള മധ്യസ്ഥനായി വീണ്ടും രംഗത്തുവരാനുള്ള അവസരമാണ് ട്രംപിന് മുന്നിൽ. ഉച്ചകോടി തങ്ങൾക്കെതിരാകുമെന്ന ഭീഷണി മുന്നിൽനിൽക്കെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞ ദിവസം വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.