അമേരിക്കക്കെതിരായ ചൈനീസ് ചാരനീക്കം; എന്‍വിഡിയ മേധാവിക്ക് പിന്തുണയുമായി ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങിന് ചാരനീക്കവുമായി ബന്ധമുണ്ടെന്ന ആരോപണത്തിലും അദ്ദേഹത്തിന് പിന്തുണയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹുവാങ് മികച്ച വ്യക്തിയാണെന്നും അമേരിക്കയുടെ മികച്ച വ്യക്തിത്വങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് ട്രംപിന്റെ നിലപാട്. സംഭവത്തിൽ അമേരിക്കയിലെ ഭരണകൂടം പരിശോധന നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലോറിഡയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഹുവാങിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നും ട്രംപ് പറഞ്ഞു. വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താത്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് തന്റെ ഉപദേശകനായി തുടരാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് കൂട്ടിച്ചേർത്തു. ഹുവാങ് സത്യസന്ധനായ വ്യക്തിയാണെന്നാണ് അദ്ദേഹം പറയുന്നത്.
സിംഗപ്പൂർ ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനി മെഗാസ്പീഡിലെ മുതിർന്ന ഉദ്യോഗസ്ഥ ആലിസ് ഹുവാങാണെന്നാണ് ചാരനീക്കം നടത്തിയെന്നാണ് വിവരം. ഇവർ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ച് വിവരങ്ങൾ കൈമാറിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ജെൻസൻ ഹുവാങുമായി ഇവർക്കുണ്ടായിരുന്ന അടുത്ത ബന്ധമാണ് അമേരിക്കൻ അധികൃതരിൽ ആശങ്കയുണ്ടാക്കിയത്. എന്നാൽ, ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നത് മാത്രം ചാരപ്രവർത്തനത്തിൽ ജെൻസൻ ഹുവാങിന് പങ്കുണ്ടെന്നതിന് തെളിവല്ല.
എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങൾ വാങ്ങുന്ന മെഗാസ്പീഡ്, വിവിധ കമ്പനികൾക്ക് ഡാറ്റാ സെന്റർ സൗകര്യങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനമാണ്. ചൈനീസ് സാങ്കേതിക കമ്പനിയായ ആലിബാബയും ഇതിന്റെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. എൻവിഡിയ മേധാവിയുമായുള്ള ആലിസ് ഹുവാങിന്റെ ബന്ധം ഉപയോഗിച്ച് അമേരിക്കയുടെ നിർമിതബുദ്ധി നയങ്ങളെയും ട്രംപിന്റെ നിലപാടുകളെയും കുറിച്ചുള്ള വിവരങ്ങൾ ചൈനക്ക് കൈമാറാൻ ശ്രമിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അമേരിക്കന്‍ ഏജന്‍സികൾ.
എന്നാൽ, ആലിസ് ഹുവാങുമായി ജെന്സന് ഹുവാങിന് ബിസിനസ് ബന്ധങ്ങൾ മാത്രമാണെന്നാണ് നിലവിലെ വിവരം. ഒരു കമ്പനി മേധാവിയുടെ ജോലിയുടെ ഭാഗമാണ് ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ജെൻസൻ ഹുവാങ് വർഷംതോറും ആയിരക്കണക്കിന് ഉപഭോക്തൃ കമ്പനികളുടെ മേധാവികളുമായി കൂടികാഴ്ച നടത്താറുണ്ടെന്നും എൻവിഡിയ വക്താവ് ജോൺ റിസോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.