'ഭീകരവാദം ചുവപ്പുവര'; അഫ്ഗാനിസ്താന് അന്ത്യശാസനവുമായി പാകിസ്താൻ

ഇസ്‌ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്താന് കടുത്ത മുന്നറിയിപ്പുമായി പാകിസ്താൻ. തങ്ങളെ സംബന്ധിച്ചിടത്തോളം ഭീകരവാദമെന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പൗരന്മാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. ഭീകരാക്രമണം ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ താലിബാൻ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് പാകിസ്താന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ പ്രധാന കാരണം അഫ്ഗാനിസ്ഥാന്‍റെ ഭീകരപ്രവർത്തനങ്ങളാണെന്നും പാകിസ്താൻ പറയുന്നു. പാകിസ്താനിലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാന്‍ അഫ്ഗാന്‍ തയ്യാറാകുന്നില്ലെന്നും പകരം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ ഉത്തരവാദിത്തം പാകിസ്താന്റെ മേൽ ചുമത്തുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്തുന്നതും പൊള്ളയായ ഉറപ്പുകൾ നൽകുന്നതും പാകിസ്താന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതും പ്രതിസന്ധിക്ക് പരിഹാരമാകില്ല. അഫ്ഗാൻ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരിൽ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും പാകിസ്താൻ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ പാകിസ്താൻ തയാറാകുന്നില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് പാകിസ്താന്‍റെ പ്രതികരണം. പാകിസ്താന്റെ തെറ്റായ നയങ്ങളാണ് ഒത്തുതീർപ്പിന് വിലങ്ങാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

അതേസമയം, തെഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) ഉൾപ്പെടെയുള്ള സായുധസംഘങ്ങൾ രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് ഇസ്‌ലാമാബാദിന്റെ ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ താലിബാൻ ഭരണകൂടം നിരന്തരം നിഷേധിക്കുകയാണ്.

ഇതിനിടെ, അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷമായിട്ടുണ്ട്. ഒക്ടോബർ 27ന് ദക്ഷിണ വസീറിസ്താനിലെ അംഗൂർ അഡ്ഡ മേഖലയിൽ താലിബാൻ സേന പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്താൻ ആരോപിച്ചിരുന്നു. ഖൈബർ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ ദക്ഷിണ വസീറിസ്താൻ, പാരാചിനാർ മേഖലകളിലുണ്ടായ വെടിവെപ്പിന് തിരിച്ചടിയായി താലിബാന്റെ നിരവധി അതിർത്തി പോസ്റ്റുകളും സൈനിക കേന്ദ്രങ്ങളും തകർത്തുവെന്ന് പാകിസ്താനും റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    
News Summary - Border Clashes Escalate Between Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.