വിലക്കയറ്റം, നിർബന്ധിത സൈനികസേവനം; ജർമനിയിൽ തെരുവിലിറങ്ങി ജെൻസികൾ
ബെർലിൻ :വിലക്കയറ്റവും ജീവിതച്ചെലവിലെ വർധനയും നിർബന്ധിത സൈനികസേവനം പുനഃസ്ഥാപിക്കാനുള്ള നീക്കവും ക്ഷേമമേഖലയിലെ സർക്കാർ ചെലവുകൾ കുറക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി ജർമനിയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ചാൻസലർ ഫ്രെഡറിക് മെർസ് സർക്കാറിന്റെ നയങ്ങൾക്കെതിരെ ഒക്ടോബർ 31 ശനിയാഴ്ച രാജ്യത്തെ 34 നഗരങ്ങളിലായി പതിനായിരക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങി.
'Gen Z regelt!' (ജെൻ സി കാര്യങ്ങൾ ഏറ്റെടുക്കുന്നു) എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിരോധ മേഖലയിലെ ചെലവ് വർധിപ്പിക്കാൻ സർക്കാർ മുൻഗണന നൽകുമ്പോൾ സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകൾ അവഗണിക്കപ്പെടുകയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സർവകലാശാലകൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നും ആരോഗ്യസേവനങ്ങൾ സമ്മർദത്തിലാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടി. സൈനികശക്തി വർധിപ്പിക്കുന്നതിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് യൂറോ പൊതുജനക്ഷേമത്തെ ബാധിക്കരുതെന്നാണ് യുവാക്കളുടെ ആവശ്യം.
നിർബന്ധിത സൈനികസേവനം വീണ്ടും നടപ്പാക്കാനുള്ള ഫെഡറൽ സർക്കാറിന്റെ പദ്ധതിയും പ്രതിഷേധത്തിന് കാരണമായി. രാജ്യത്തെ സംഘർഷസാഹചര്യങ്ങൾ നേരിടാൻ സമൂഹത്തെ സജ്ജമാക്കണമെന്ന സർക്കാർ നിലപാടിനെയും യുവാക്കൾ ചോദ്യം ചെയ്തു. സൈനികസേവനം നിർബന്ധമാക്കുന്നത് യുവതലമുറയുടെ സ്വാതന്ത്ര്യത്തെയും ഭാവി പദ്ധതികളെയും ബാധിക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ജീവിതച്ചെലവും പണപ്പെരുപ്പവും ഉയർന്നതോടെ പഠനച്ചെലവുകൾ കണ്ടെത്താൻ നിരവധി വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ചെയ്യേണ്ടിവരുന്നുണ്ട്. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടിവരുന്നത് അക്കാദമിക് സമ്മർദവും മാനസിക ക്ഷീണവും വർധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അനിശ്ചിതത്വം യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.
ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്, ഹാംബർഗ്, കൊളോൺ തുടങ്ങിയ പ്രധാന നഗരങ്ങളിലായിരുന്നു പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പകൽ നടന്ന പ്രകടനങ്ങൾ പൊതുവെ സമാധാനപരമായിരുന്നെങ്കിലും രാത്രിയോടെ ചില നഗരങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. ഫ്രാങ്ക്ഫർട്ട്, ഹാംബർഗ്, കൊളോൺ എന്നിവിടങ്ങളിൽ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റുകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.