ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്നുവീണ് 9 മരണം; തകർന്നത് ട്രംപിന്റെ റിസോർട്ടിന് സമീപം
ഫ്ലോറിഡ: പാം ബീച്ച് കൗണ്ടിയിൽ സ്വകാര്യ ബിസിനസ് ജെറ്റ് ജനവാസ മേഖലയിൽ തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.50 ഓടെ ക്രെസ്റ്റ്ഹേവനിലെ മിലിട്ടറി ട്രയൽ റോഡിലാണ് അപകടമുണ്ടായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ മാത്രം അകലെയാണ് വിമാനം പതിച്ചത്. ആറുവരി പാതയുള്ള തിരക്കേറിയ റോഡിലേക്ക് വിമാനം മിസൈൽ പോലെ കുത്തനെ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീടുകൾക്കും വാഹനങ്ങൾക്കും തൊട്ടടുത്ത് പതിച്ച വിമാനം പൊട്ടിത്തെറിച്ച് പൂർണമായും കത്തിനശിച്ചു. ഇടിയുടെ ശക്തിയിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിലുള്ളവർ പകർത്തിയ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്ന് ഓസ്റ്റിൻ-ബെർഗ്സ്ട്രോം വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ ഭയാനക ദുരന്തമെന്ന് വിശേഷിപ്പിച്ച യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം അപകടത്തിന് തൊട്ടുമുമ്പുള്ള എയർ ട്രാഫിക് കൺട്രോൾ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഓഡിയോ റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ നേരിയ ടർബുലൻസ് മാത്രമാണ് പൈലറ്റ് റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് സ്ഥിതി അതീവ ഗുരുതരമാവുകയായിരുന്നു. മിനിറ്റിൽ പതിനായിരം അടിയും പിന്നീട് ഇരുപതിനായിരം അടിയും വേഗതയിൽ താഴേക്ക് പതിക്കുകയാണെന്ന് പൈലറ്റ് മേയ്ഡേ കോളിലൂടെ അറിയിച്ചു. നിലത്ത് ഇടിക്കാൻ പോകുന്നുവെന്ന് അദ്ദേഹം പറയുന്നതായും സമയം കഴിഞ്ഞുവെന്ന് വനിതാ ജീവനക്കാരി നിലവിളിക്കുന്നതും ഓഡിയോയിൽ വ്യക്തമായി കേൾക്കാം. എയർ ട്രാഫിക് കൺട്രോളർ ബന്ധം നിലനിർത്താൻ ശ്രമിച്ചെങ്കിലും വിമാനം തകർന്നുവീഴുകയായിരുന്നു. പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസും ഫയർ റെസ്ക്യൂ സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.