നെതന്യാഹുവിനെ പുറത്താക്കാൻ ഇസ്രായേലിൽ ജനകീയ റാലി; ‘യഹൂദ-അറബ്’ സഖ്യത്തിനായി മുറവിളി

തെൽ അവിവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് യഹൂദ-അറബ് സഖ്യത്തിനായി തെൽ അവിവിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു. പ്രതിപക്ഷ കക്ഷികൾ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

‘നെതന്യാഹു ഒരു ‘വലിയ തന്ത്രശാലിയാണെന്നും’ രാജ്യത്ത് യഥാർഥ മാറ്റത്തിനുള്ള ‘അവസാന അവസരമായിരിക്കാം’ ഇതെന്നും ശനിയാഴ്ച നടന്ന റാലിയിൽ പ്രക്ഷോഭകർ എഎഫ്പി വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

ഇസ്രായേലിന്റെ അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രധാന പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ അനിശ്ചിതാവസ്ഥ അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്ന നിലയിലാണുള്ളത്.

റാംല്ലാഹിൽ നിന്നുള്ള അൽ ജസീറ പ്രതിനിധി നൂർ ഒദേയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ഈ മാറ്റത്തിനായുള്ള വോട്ടെടുപ്പ് വിജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ഗാഡി ഐസൻകോർട്ടും മറ്റ് യഹൂദ-ഇസ്രായേലി പാർട്ടി നേതാക്കളും തങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകണം എന്നാണ് അവർ കരുതുന്നത്’.

 

ഈ പ്രക്ഷോഭങ്ങൾക്ക് മറുപടിയായി നെതന്യാഹു അനുകൂലികളും തെരുത്തിലിറങ്ങി. ‘തീവ്രവാദികളുമായി ചേർന്ന് ഇസ്രായേൽ ഒരു സർക്കാരുണ്ടാക്കാൻ പാടില്ല’എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവരുടെ പ്രകടനം.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ നേടിയപ്പോൾ, ഐസൻകോട്ടിന്റെ വിഭാഗം 48 സീറ്റുകളാണ് നേടിയത്. 120 അംഗ ഇസ്രായേൽ പാർലമെന്റിൽ (നെസെറ്റ്) ഒറ്റക്ക് സർക്കാർ രൂപവത്കരിക്കാൻ ഇരുപക്ഷത്തിനും ഇതിലൂടെ സാധിച്ചിട്ടില്ല.

എന്നാൽ, ഇസ്രായേലിലെ മൂന്ന് അറബ് നേതൃത്വത്തിലുള്ള പാർട്ടികൾ വൻ മുന്നേറ്റത്തോടെ 19 സീറ്റുകൾ നേടിയിട്ടുണ്ട്. സെൻട്രൽ ഇലക്ഷൻ കമ്മറ്റിയുടെ കണക്കുകൾ പ്രകാരം, അറബ് പാർട്ടികളുടെ സഖ്യമായ റാംമിനും ജോയിന്റ് ലിസ്റ്റിനും വേണ്ടി ഏകദേശം 8,40,000 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2022ലെ കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 64 ശതമാനത്തിന്റെ വർധനവാണ്.

അറബ് പാർട്ടികളുടെ ഈ തെരഞ്ഞെടുപ്പ് വിജയം ഐസൻകോട്ടുമായി ചേർന്നുള്ള സഖ്യത്തിന് 67 സീറ്റുകളുടെ സുഖകരമായ ഭൂരിപക്ഷം ഉറപ്പാക്കാൻ സഹായിക്കും. എങ്കിലും, ഇസ്രായേലിലെ പലർക്കും അറബികളുമായി കൈകോർക്കുന്നത് രാഷ്ട്രീയമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്.

ഫലസ്തീൻ-ഇസ്രായേൽ പാർട്ടികൾ തെരഞ്ഞെടുപ്പ് ‘മോഷ്ടിച്ചുവെന്നും’ അതിനായി ഖത്തറിൽനിന്ന് ഫണ്ട് സ്വീകരിച്ചുവെന്നുമാണ് നെതന്യാഹു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അസത്യമാണെന്നും അതൊരു തെറ്റായ പ്രചാരണമാണെന്നും ഖത്തർ തള്ളിക്കളഞ്ഞു.

പലസ്തീൻ ഇസ്രായേലികളുടെ ചരിത്രപരമായ പങ്കാളിത്തത്തെ വലതുപക്ഷ വൃത്തങ്ങൾ ‘തെരഞ്ഞെടുപ്പ് ഭീകരവാദമായാണ്’ വിശേഷിപ്പിക്കുന്നതെന്ന് നൂർ ഒദേ ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിലെ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തോട് പോലും ഇതിനെ അവർ ഉപമിക്കുന്നുണ്ട്. ഐസൻകോട്ടിന് സർക്കാർ രൂപവത്കരിക്കാൻ കഴിയുമോ എന്ന് നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതുകൊണ്ടാണ് ‘ഫലസ്തീൻ-ഇസ്രായേൽ വോട്ടുകളും ശബ്ദങ്ങളും’ ഇപ്പോൾ കനത്ത ആക്രമണങ്ങൾക്കിരയാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Tel Aviv rally demands Netanyahu ouster, Jewish-Arab coalition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.