അടിമക്കച്ചവടത്തിന് മാപ്പുപറയാൻ ബ്രിട്ടൻ; നഷ്ടപരിഹാരം നൽകില്ലെന്ന് പ്രധാനമന്ത്രി

ലണ്ടൻ: നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന അറ്റ്ലാന്റിക് സമുദ്രാന്തര അടിമക്കച്ചവടത്തിൽ ബ്രിട്ടൻ വഹിച്ച പങ്കിന് ഔദ്യോഗികമായി മാപ്പുപറയുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെ നിലപാടുമാറ്റം. എന്നാൽ, അടിമക്കച്ചവടത്തിന്റെ ഇരകളായവരുടെ പിൻതലമുറകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ‘ദ ഗാർഡിയൻ’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ബേൺഹാം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടന്റെ സങ്കീർണമായ കൊളോണിയൽ ചരിത്രത്തെ അംഗീകരിക്കേണ്ടത് കോമൺവെൽത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളടക്കം 56 സ്വതന്ത്ര രാഷ്ട്രങ്ങൾ ഉൾപ്പെടുന്നതാണ് കോമൺവെൽത്ത്. അടുത്തയാഴ്ച ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ ബേൺഹാം പങ്കെടുക്കും. അടിമക്കച്ചവടം മൂലം ദുരിതമനുഭവിച്ച രാജ്യങ്ങളുമായും വിഭാഗങ്ങളുമായും ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിടാൻ സർക്കാർ തയാറാണ്.

ബ്രിട്ടീഷ് ഭരണകൂടം ഔദ്യോഗികമായി മാപ്പുപറയണമെന്ന ആവശ്യവും ചർച്ചകളുടെ ഭാഗമാക്കും. എന്നാൽ, മുൻതലമുറകൾ ചെയ്ത ചരിത്രപരമായ തെറ്റുകൾക്ക് ഇന്നത്തെ ബ്രിട്ടീഷ് ജനതയെ ഉത്തരവാദികളാക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. എത്ര ക്രൂരമായ കുറ്റകൃത്യങ്ങളാണെങ്കിലും വ്യത്യസ്തമായ നിയമങ്ങളും സാഹചര്യങ്ങളും നിലനിന്നിരുന്ന കാലത്ത് നടന്ന സംഭവങ്ങൾക്ക് അതിൽ പങ്കില്ലാത്ത ഇന്നത്തെ തലമുറ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കരീബിയൻ രാജ്യങ്ങളിൽ ഒമ്പതുദിവസത്തെ സന്ദർശനം നടത്തുന്ന ചാൾസ് മൂന്നാമൻ രാജാവിനുനേരെയും അടിമക്കച്ചവടത്തിന് ബ്രിട്ടൻ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നിരുന്നു.

Tags:    
News Summary - Britain Weighs Historic Slavery Apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.