നെതന്യാഹുവിന് പിന്നാലെ തെഹ്റാൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ട്രംപും

വാഷിങ്ടൺ / തെഹ്റാൻ / തെൽഅവീവ്: ഇറാൻ - ഇസ്രായേൽ യുദ്ധം രൂക്ഷമായതോടെ, നെതന്യാഹുവിന് പിന്നാലെ തെഹ്റാൻ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും.

ഞാൻ ഒപ്പിടാൻ പറഞ്ഞ ഡീലിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വെയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറഞ്ഞതാണ്! എല്ലാവരും ഉടൻ തെഹ്റാൻ ഒഴിഞ്ഞ് പോകുക -സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

Full View

മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇറാൻ തലസ്ഥാനായ തെഹ്റാന്‍റെ വ്യോമപരിധി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ചാണ് നെതന്യാഹു, നഗരവാസികൾ ഒഴുഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്.

തെഹ്റാനിൽനിന്ന് ആളുകൾ ഒഴിയണമെന്ന ആവശ്യത്തിന് മറുപടിയായി, ഇസ്രായേലികൾ തെൽഅവീവ് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡും പ്രസ്താവനയിറക്കി. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുന്നറിയിപ്പുകൾ എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

**തെൽഅവീവിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ന്യൂഡൽഹി: സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. 25,000തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ നമ്പറുകളും cons1.telaviv@mea.gov.in എന്ന ഇ-മെയിൽ വിലാസവും ഇസ്രായേലിലെ ഇന്ത്യൻ എംബസി എക്സിൽ പുറത്തുവിട്ടു.

Tags:    
News Summary - Trump orders Tehran residents to flee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.