ഇറാനിലെ തെരുവിൽ പ്രതിഷേധിക്കുന്നവർ (MAHSA/Middle East Images)
തെഹ്റാൻ: അമേരിക്കൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചതിച്ചെന്നും വിഡ്ഡികളാക്കിയെന്നും ഇറാനിലെ പ്രക്ഷോഭകർ. വിലക്കയറ്റത്തിനും ദുസ്സഹ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ തുടങ്ങിയ പ്രക്ഷോഭത്തിന് എരിവു പകർന്ന ട്രംപിന്റെ വാക്കുകൾ വിശ്വസിച്ച് ചാടിപ്പുറപ്പെട്ടവരാണ് ഇപ്പോൾ ചതിച്ചുവെന്ന വികാരത്തിലുള്ളത്. ഇറാനിൽ പ്രക്ഷോഭം തുടങ്ങിയപ്പോൾതന്നെ പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന തരത്തിലും ഇറാൻ ഭരണകൂടത്തെ താഴെയിറക്കുമെന്ന തരത്തിലുമുള്ള വാക്കുകളുമായി ട്രംപ് കളം പിടിച്ചിരുന്നു.
‘ഹെൽപ് ഈസ് ഓൺ ദ വേ’ എന്ന ട്രംപിന്റെ വാക്കുകൾ കേട്ട് തെരുവുകൾ കത്തിക്കാൻ ഇറങ്ങിയവർ നിരവധിയാണ്. രാജ്യത്തെ അപകടത്തിലാക്കുന്നവർക്കെതിരെ ഒരു കാരുണ്യവുമുണ്ടാകില്ലെന്ന് ഇറാൻ നിലപാടെടുത്ത് നടപടികൾ തുടരുകയാണ്. സൈനിക നടപടികൾക്കായി തങ്ങൾ സജ്ജരാണ് എന്ന തരത്തിലുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനപ്പുറം കടുത്ത നിലപാടിൽനിന്ന് ട്രംപ് പതിയെ പിൻവാങ്ങിയതാണ് പ്രക്ഷോഭകാരികളെ കുടുക്കിലാക്കിയത്. ഇറാൻ ഭണകൂടത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തെ തുടർന്ന് ഉണ്ടായ മരണങ്ങളിൽ ട്രംപിനാണ് ഉത്തരവാദിത്തമെന്ന് തെഹ്റാനിലെ ഒരു വ്യവസായി ടൈംസ് മാഗസിനോട് പറഞ്ഞു. ഇറാനെതിരെ യു.എസ് സജ്ജമാണെന്ന തരത്തിൽ ട്രംപ് ’ലോക്ക്ഡ് ആൻഡ് ലോഡഡ്’ എന്ന് സോഷ്യൽ മീഡിയ പോസ്‍റ്റ് ചെയ്തത് തുടങ്ങാൻ പോകുന്ന സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണെന്ന് കരുതി പലരും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടുവെന്ന് ഈ ടെഹ്റാൻ സ്വദേശി പറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ അരങ്ങേറുന്ന പ്രതിഷേധം യു.എസ് സ്പോൺസർ ചെയ്തതാണെന്ന് ഇറാൻ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.