ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ധൃതി വേണ്ട, പിഴവുകൾ പാടില്ല; കരാറാകും വരെ ഉപരോധം തുടരുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ യുഎ.സ് പ്രതിനിധികൾ അതീവ ജാഗ്രത പുലർത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടക്കുന്ന ചർച്ചകളിൽ യാതൊരുവിധ പിഴവുകളും സംഭവിക്കരുതെന്നും ധൃതിപിടിച്ച് ഒരു കരാറിലും ഒപ്പുവെക്കേണ്ടതില്ലെന്നും ട്രംപ് നിർദേശം നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് ട്രംപ് നയം വ്യക്തമാക്കിയത്.

ഇറാനെ ഒരു തരത്തിലും ആണവായുധങ്ങൾ വികസിപ്പിക്കാനോ സ്വന്തമാക്കാനോ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. സമാധാന ചർച്ചകൾ വളരെ കൃത്യതയോടെയും പിഴവുകളില്ലാതെയും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യണം. ഇതിൽ യാതൊരുവിധ തെറ്റുകളും സംഭവിക്കാൻ പാടില്ല’ ട്രംപ് കുറിപ്പിൽ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രതികരണം. 2015ൽ ഒബാമ ഭരണകൂടം ഒപ്പുവെച്ച ഇറാൻ ആണവ കരാറിനെ (JCPOA) ട്രംപ് രൂക്ഷമായി വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം കരാറുകളിലൊന്നാണിതെന്നും ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് നയിച്ച പാതയായിരുന്നു അതെന്നും ട്രംപ് കുറ്റപ്പെടുത്തി. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അമച്വർമാരുടെയും പരാജയമായിരുന്നു ആ കരാറെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ നിലവിൽ തന്റെ ഭരണകൂടത്തിന് കീഴിൽ നടക്കുന്ന ചർച്ചകൾ തികച്ചും വ്യവസ്ഥാപിതവും ക്രിയാത്മകവുമായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കക്ക് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നതിനാൽ കരാറിലേക്ക് നീങ്ങാൻ തിടുക്കം കൂട്ടേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഒരു ഔദ്യോഗിക കരാറിലെത്തി അത് സാക്ഷ്യപ്പെടുത്തി ഒപ്പുവെക്കുന്നത് വരെ ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കപ്പൽ ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. 

Tags:    
News Summary - Trump instructs negotiators ‘not to rush into a deal’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.