ജെ.ഡി. വാൻസ്

എപ്‌സ്റ്റീൻ ഫയൽ വിവാദത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് പാം ബോണ്ടിയെന്ന് ജെ.ഡി. വാൻസ്; ഭരണകൂടത്തിന് സംഭവിച്ചത് ഗുരുതര വീഴ്ച

വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട നടപടികളിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. പോഡ്‌കാസ്റ്റ് അവതാരകൻ ജോ റോ​ഗനുമായുള്ള അഭിമുഖത്തിലാണ്, ഭരണകൂടം ഈ വിഷയത്തിൽ കൈക്കൊണ്ട നിലപാടുകളിൽ വാൻസ് തുറന്ന വിമർശനം നടത്തിയത്. വിവരങ്ങൾ മറച്ചുവെക്കാനല്ല, മറിച്ച് പുറത്തുവിടുന്നതിലെ ആശയവിനിമയത്തിലെ ഗുരുതരമായ പാളിച്ചകളാണ് ഭരണകൂടത്തിന് തിരിച്ചടിയായതെന്ന് അദ്ദേഹം സമ്മതിച്ചു.

മുൻ അറ്റോർണി ജനറൽ പാം ബോണ്ടിയുടെ പ്രസ്താവനകളാണ് വിവാദങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതെന്ന് വാൻസ് ചൂണ്ടിക്കാട്ടി. എപ്‌സ്റ്റീന്റെ വിവാദപരമായ ക്ലയന്റ് ലിസ്റ്റ് തന്റെ മേശപ്പുറത്തുണ്ടെന്ന് ബോണ്ടി നടത്തിയ പ്രസ്താവന പൊതുജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയത്. എന്നാൽ, ഈ വെളിപ്പെടുത്തൽ പിന്നീട് ഭരണകൂടത്തിന് വിനയായി. ബോണ്ടി ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചതല്ലെന്നും, മറിച്ച് അന്ന് നിലനിന്ന രാഷ്ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നതിനിടയിൽ സംഭവിച്ച പിഴവാണിതെന്നുമാണ് വാൻസിന്റെ ന്യായീകരണം. ഇത് ഭരണകൂടത്തിന്റെ സുതാര്യതയിൽ ജനങ്ങൾക്ക് വിശ്വാസക്കുറവുണ്ടാക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചക്കിടെ എപ്‌സ്റ്റീന് യു.എസ്, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുമായി ശക്തമായ ബന്ധമുണ്ടായിരുന്നെന്ന ജോ റോ​ഗന്റെ നിരീക്ഷണം വാൻസ് തള്ളിക്കളഞ്ഞില്ല. മൊസാദ്, സി.ഐ.എ തുടങ്ങിയ ഏജൻസികളുമായി എപ്‌സ്റ്റീന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നത് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിൽ സ്വാധീനമുണ്ടായിരുന്ന എപ്‌സ്റ്റീനെ സംബന്ധിച്ച സത്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴും വലിയൊരു രാഷ്ട്രീയ വെല്ലുവിളിയായി തുടരുകയാണ്.

ഫെഡറൽ തലത്തിൽ എപ്‌സ്റ്റീൻ ഫയലുകൾ ഭാഗികമായി പുറത്തുവിട്ടെങ്കിലും, പൂർണ്ണരൂപം ലഭിക്കാത്തത് വലിയ നിയമതർക്കങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ന്യൂ മെക്സിക്കോ സംസ്ഥാനം ആവശ്യപ്പെട്ട രേഖകൾ നൽകാൻ യു.എസ് നീതിന്യായ വകുപ്പ് (DOJ) ഇതുവരെ തയാറായിട്ടില്ല. ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറെസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഫെഡറൽ സർക്കാർ മനഃപൂർവ്വം അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, നൽകിയ രേഖകളിൽ ഒട്ടും പ്രസക്തിയില്ലാത്ത വെറും 31 പേജുകൾ മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

എപ്‌സ്റ്റീൻ വിഷയത്തിൽ ട്രംപ് ഭരണകൂടം കൂടുതൽ വ്യക്തത വരുത്തണമെന്ന് അതിജീവിതരും മനുഷ്യാവകാശ സംഘടനകളും നിരന്തരമായി സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ നിന്ന് രാജ്യം മുന്നോട്ട് പോകണമെന്നും കൂടുതൽ ചർച്ചകൾ അനാവശ്യമാണെന്നുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക നിലപാട്. ഇതിനിടെ, ന്യൂ മെക്സിക്കോ നിയമസഭയുടെ ട്രൂത്ത് കമീഷൻ നടത്തുന്ന സമാന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണ റിപ്പോർട്ട് എപ്‌സ്റ്റീൻ ഫയലുകളിലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ ജനത. ഈ മാസം അവസാനം കമീഷൻ സമർപ്പിക്കുന്ന ഇടക്കാല റിപ്പോർട്ട് ട്രംപ് ഭരണകൂടത്തിന് പുതിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

Tags:    
News Summary - Vance Admits Mishandling of Epstein Files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.