വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ എൺപതാം ജന്മദിനത്തിൽ വൈറ്റ് ഹൗസിൽ വിപുലമായ ആഘോഷങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ ആരാണെന്ന് കണ്ടെത്തുന്ന കായിക മാമാങ്കമായ യു.എഫ്.സി അടക്കമുള്ള വ്യത്യസ്ത പരിപാടികളോടെയാണ് ആഘോഷം. വൈറ്റ് ഹൗസ് പരിസരത്ത് പ്രത്യേകം നിർമിച്ച താൽക്കാലിക അരീനയിൽ വെച്ചാണ് ഏഴ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യം കടുത്ത രാഷ്ട്രീയ-യുദ്ധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് പ്രസിഡന്റിന്റെ സകല പ്രോട്ടോക്കോളുകളും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഈ നീക്കം.
അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന്റെ ഓർമ്മപ്പെടുത്തലായി "UFC ഫ്രീഡം 250" എന്നാണ് ഈ ഇവന്റിന് പേരിട്ടിരിക്കുന്നത്. ട്രംപിന്റെ ഔദ്യോഗിക കിടപ്പുമുറിയിൽ നിന്ന് കാണാൻ പാകത്തിലാണ് എട്ട് വശങ്ങളുള്ള ഒക്ടഗൺ കൂട് പുൽത്തകിടിയിൽ ഉയർന്നുവന്നിട്ടുള്ളത്. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും യു.എസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പോളണ്ട് പ്രസിഡന്റ് കരോൾ നാവ്റോസ്കിയും അതിഥിയായി എത്തിയിരുന്നു.
നാല് മാസം പിന്നിട്ട ഇറാൻ യുദ്ധവും അതിന്റെ ഫലമായി രാജ്യത്ത് ഉണ്ടായ വിലക്കയറ്റവും ട്രംപ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സമയത്താണ് ഈ കായികമാമാങ്കം. യു.എഫ്.സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ഇലിയ ടോപുരിയയും മുൻ താൽക്കാലിക കിരീടധാരിയായിരുന്ന ജസ്റ്റിൻ ഗെയ്ഷിയും തമ്മിലുള്ള അഞ്ച് റൗണ്ട് പോരാട്ടമാണ് പ്രധാന മത്സരം. 'ദി ക്ലോ' എന്ന് പേരിട്ടിരിക്കുന്ന 92 അടി ഉയരമുള്ള, മേൽക്കൂരയില്ലാത്ത താൽക്കാലിക സ്റ്റേഡിയത്തിൽ 4,000 കാണികൾക്ക് മുന്നിലാണ് മത്സരങ്ങൾ നടക്കുക.
മത്സരത്തിനായുള്ള ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമല്ല. ഒരു ദശലക്ഷത്തിലധികം ഡോളർ നൽകിയ വി.വി.ഐ.പികൾക്കാണ് യു.എഫ്.സി ടിക്കറ്റുകൾ നൽകിയത്. അതേസമയം കാണികളിൽ നാലിലൊന്ന് ഭാഗം സൈനികരായിരിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.
ഫെഡറൽ ഭൂമിയിൽ ഒരു സ്വകാര്യ കമ്പനിയുടെ പരിപാടി നടത്താൻ ട്രംപ് തന്റെ പ്രത്യേക എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചതിനെതിരെ വലിയ നിയമപോരാട്ടങ്ങൾ നടന്നിരുന്നു. എന്നാൽ പരിപാടി തടയണമെന്ന ഹരജിക്കാരുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളി. റോയിട്ടേഴ്സ്, ഇപ്സോസ് നടത്തിയ ഓൺലൈൻ സർവേ പ്രകാരം വെറും 16 ശതമാനം അമേരിക്കക്കാർ മാത്രമാണ് ട്രംപിന്റെ ഈ നടപടിയെ അനുകൂലിക്കുന്നത്.
യു.എഫ്.സി ചീഫ് എക്സിക്യൂട്ടീവ് ഡാന വൈറ്റുമായി ട്രംപിനുള്ള അടുത്ത സൗഹൃദമാണ് ഈ മത്സരത്തിന് പിന്നിൽ. പരിപാടിക്കായി 60 ദശലക്ഷത്തിലധികം ഡോളർ ചെലവഴിച്ചതായും ഇതിൽ നിന്ന് ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുമാണ് യു.എഫ്.സി വ്യക്തമാക്കുന്നത്. എന്നാൽ, മത്സരത്തിന് മുന്നോടിയായി ട്രംപിന്റെ ട്രസ്റ്റ് യു.എഫ്.സിയുടെ മാതൃകമ്പനിയുടെ ഓഹരികൾ വാങ്ങിയതും, ട്രംപിന്റെ ചിത്രം പതിച്ച നാണയങ്ങൾ 12,000 ഡോളർ വരെ വിലയിട്ട് വിറ്റതും വലിയ സാമ്പത്തിക നയപരമായ അഴിമതി ആരോപണങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. എങ്കിലും ട്രംപ് കുടുംബമാണ് ബിസിനസ് കാര്യങ്ങൾ നോക്കുന്നതെന്നും ഇതിൽ താല്പര്യ വൈരുദ്ധ്യങ്ങൾ ഇല്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.
വൈറ്റ് ഹൗസിന്റെ ഓവൽ ഓഫീസിൽ നിന്നും ആരംഭിച്ച് റോസ് ഗാർഡൻ വഴി ഒക്ടഗണിലേക്ക് എത്തുന്ന രീതിയിലാണ് താരങ്ങളുടെ വാക്ക്-ഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്ത് രാജ്യം യുദ്ധക്കെടുതി അനുഭവിക്കുമ്പോൾ, ഭൂരിഭാഗം അമേരിക്കക്കാരും രാജ്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നത് വൈറ്റ് ഹൗസിലെ അടിപിടി കണ്ടുകൊണ്ടല്ലെന്ന വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകർ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.