എവിയൻ (ഫ്രാൻസ്): നീണ്ട 16 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ വേദിയിലാണ് ഇരുനേതാക്കളും പരസ്പരം കണ്ടത്. ലോകശ്രദ്ധ ആകർഷിച്ച ഈ കൂടിക്കാഴ്ചയിൽ നേതാക്കൾ പരസ്പരം കൈകൊടുത്ത് സംസാരിച്ചെങ്കിലും, സാധാരണയായി ഉണ്ടാകാറുള്ള ആലിംഗനം ഒഴിവാക്കിയത് ശ്രദ്ധേയമായി.
ബുധനാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 6:30ന് നടക്കുന്ന പൂർണ തോതിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, തന്ത്രപരമായ സഹകരണം, പ്രാദേശിക സുരക്ഷ, പശ്ചിമേഷ്യൻ വിഷയങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള പ്രധാന വേദിയായാണ് ഈ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം വീക്ഷിക്കുന്നത്.
ഹുർമുസ് കടലിടുക്കിൽ യു.എസ് നാവികസേനയുടെ ആക്രമണത്തിന് ഇരയായ വാണിജ്യ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ മരണപ്പെട്ട സംഭവം ചർച്ചകളിൽ പ്രമുഖമായി ഉയർന്നുവരുമെന്നാണ് സൂചന. സമുദ്ര വ്യാപാര പാതകളെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയ്ക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കും ഈ വിഷയം ഏറെ നിർണായകമാണ്.
'ഓപറേഷൻ സിന്ദൂർ', ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്താനുള്ള വാഷിങ്ടണിന്റെ തീരുമാനം എന്നിവയെത്തുടർന്ന് ഇന്ത്യ-യു.എസ് ബന്ധം കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ച നടക്കുന്നത്. സമീപമാസങ്ങളിൽ ഇരുനേതാക്കളും പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ഈ കൂടിക്കാഴ്ച വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച കുറക്കാനും തർക്കങ്ങൾക്ക് പരിഹാരം കാണാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.