ട്രംപിന്റെ പെരുമാറ്റം മനസ്സിലാക്കാൻ മനശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാൻ; നിർണായക നീക്കവുമായി തെഹ്‌റാൻ

തെഹ്‌റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പരോക്ഷ ചർച്ചകളിൽ തങ്ങളുടെ നിലപാട് കൂടുതൽ ശക്തമാക്കാനും അദ്ദേഹത്തിന്റെ പെരുമാറ്റരീതികൾ കൃത്യമായി മനസിലാക്കാനും മനശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാൻ. ഡ്രോപ്പ് സൈറ്റ് എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഏപ്രിലിൽ ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഇറാൻ തങ്ങളുടെ ഉപദേശക സംഘത്തിലേക്ക് രണ്ട് മുതിർന്ന മനശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയത്. ട്രംപിന്റെ പെരുമാറ്റരീതികളെ വിലയിരുത്താനും, അദ്ദേഹത്തിന് അയക്കുന്ന സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി രൂപപ്പെടുത്താനുമാണ് ഇവരുടെ സേവനം തേടിയതെന്ന് ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ട്രംപിന്റെ പെരുമാറ്റരീതികളെ ഒരു പ്രത്യേക മനശാസ്ത്രപരമായ വശത്തിൽ നിന്ന് വിശകലനം ചെയ്ത് അതിനനുസരിച്ചുള്ള സന്ദേശങ്ങൾ രൂപപ്പെടുത്താനാണ് ഞങ്ങൾ ഈ വിദഗ്ധരെ ഉൾപ്പെടുത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

മനശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി തയാറാക്കിയ സന്ദേശങ്ങൾ അയച്ചു തുടങ്ങിയതോടെ ട്രംപിന്റെ പ്രതികരണങ്ങളിൽ വലിയ മാറ്റം പ്രകടമായതായി ഇറാനിയൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. ആശയവിനിമയം കൂടുതൽ ക്രിയാത്മകമായി മാറിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ ചർച്ചകളുടെ രേഖകൾ ഭാവിയിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്ന ബോധ്യത്തോടെയാണ് തങ്ങൾ ഓരോ വാക്കുകളും തിരഞ്ഞെടുക്കുന്നതെന്നും ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞത ഇതിലൂടെ വെളിപ്പെടുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനുമുള്ള ഒരു പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അതേസമയം, ട്രംപിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അമേരിക്കയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ പരിശോധനയിൽ 22 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. മുൻ പ്രസിഡന്റുമാരുടെ പരിശോധനകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിദഗ്ധർ പങ്കെടുത്ത പരിശോധനയാണിത്.

Tags:    
News Summary - Iran seeks help from psychologists to understand Trump's behavior; Tehran takes decisive move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.