(ഫയൽ ചിത്രം)

ലബനാനിൽ ഇസ്രായേൽ അതിക്രമം തുടർന്നാൽ ശക്തമായ തിരിച്ചടി; മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: ലബനാനിലെ സൈനിക നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ ഉറപ്പാക്കുക എന്നത് യു.എസുമായുള്ള ധാരണാപത്രത്തിന്റെ പ്രധാന വ്യവസ്ഥയാണെന്നും, ലബനാനിൽ ആക്രമണങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. 

തെക്കൻ ലബനാനിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ലബനാനിലെ വെടിനിൽത്തൽ കരാറിലെ പ്രധാന വ്യവസ്ഥയാണെന്ന് ഇറാൻ നിരവധി തവണ വ്യക്തമാക്കിയിട്ടും ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുകയാണ്. ഞായറാഴ്ച യു.എസുമായുള്ള ധാരണാപത്രം അംഗീകരിച്ച ശേഷം 84 തവണ ഇസ്രായേൽ അത് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.

ലബനാനിൽ ഇസ്രായേലിന്റെ ആക്രമണങ്ങളും അധിനിവേശവും തുടരുന്നത് തങ്ങൾ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലബനാനെ തങ്ങൾ തനിച്ചാക്കില്ലെന്നും ഇസ്രായേൽ സേനയുടെ പിൻമാറ്റവും ലബനാനിലെ അധിനിവേശം അവസാനിപ്പിക്കലും സമാധാന കരാറിന് അനിവാര്യമാണെന്ന് അരാഗ്ചി ആവർത്തിച്ചു.

അതേസമയം തെക്കൻ ലബനാനിലെ ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ ഇറാനിയൻ സായുധ സേനയുടെ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനിലെ ഉന്നത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.

ഇതിനി​ടെ ലബനാനിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്​ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ജി-7 ഉച്ചകോടിക്കിടെയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേലിനെ വിമർശിച്ചത്. എന്നാൽ കരാറിനെ തങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. അതേസമയം, ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകുന്ന 14 ഇന രഹസ്യ ധാരണാപത്രത്തെ നെതന്യാഹു പിന്തുണച്ചിട്ടുണ്ട്.

മൂന്നു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നു പ്രവർത്തിക്കാനുമുള്ള പ്രാഥമിക കരാറിൽ ഇറാനും യു.എസും ഒപ്പുവെച്ചു. ഇതിന്റെ ഔദ്യോഗിക ചടങ്ങുകൾ ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കും. ആണവായുധ വികസനം, ഉപരോധങ്ങൾ, യു.എൻ സുരക്ഷാ സമിതിയുടെയും ഐ.എ.ഇ.എയുടെയും പ്രമേയങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 60 ദിവസത്തെ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സമാധാന കരാർ ഇരു വിഭാഗവും അംഗീകരിച്ചതോടെ നിലവിൽ ഹുർമുസ്​ കടലിടുക്കിലെ യു.എസ്​ നാവിക ഉപരോധം പിൻവലിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 13 കപ്പലുകൾ ഹുർമുസിലൂടെ കടന്നുപോയിട്ടുണ്ട്. കരാറിന്‍റെ ഭാഗമായി ഇറാന് എണ്ണയും ഇന്ധനവും വിൽക്കാൻ അമേരിക്ക അനുമതി നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. 

Tags:    
News Summary - Tehran warns of ‘harsh response’ over Lebanon attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.