തെൽ അവീവ്: വെടിനിർത്തലിന്റെ ഭാഗമായി ഹമാസ് അവസാന 20 ബന്ദികളെ വിട്ടയച്ചതിന് മണിക്കൂറുകൾക്കു ശേഷം, ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീരോചിതമായ സ്വീകരണം. സ്പീക്കർ ആമിർ ഒഹാന ട്രംപിനെ ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്ന് പുകഴ്ത്തി. സംഘർഷത്താൽ നയിക്കപ്പെടുന്ന ആളല്ല, മറിച്ച് അത് അവസാനിപ്പിക്കാനുള്ള ആഗ്രഹത്താൽ നയിക്കപ്പെടുന്ന ആളാണ് താനെന്ന് ട്രംപ് തന്റെ മറുപടി പ്രസംഗത്തിൽ നെസെറ്റിനോട് പറഞ്ഞു.
‘എട്ട് മാസത്തിനുള്ളിൽ നിങ്ങൾ എട്ട് യുദ്ധങ്ങൾ പരിഹരിക്കുമ്പോൾ അതിനർഥം നിങ്ങൾക്ക് യുദ്ധങ്ങൾ ഇഷ്ടമല്ല എന്നാണ്. എല്ലാവരും കരുതി ഞാൻ ക്രൂരനാണെന്ന്. ഹിലരി ക്ലിന്റൺ എല്ലാവരുമായും യുദ്ധത്തിന് പോകുമെന്ന് പറഞ്ഞു. പക്ഷേ, യുദ്ധം നിർത്തുന്നതാണെന്റെ വ്യക്തിത്വം എന്ന് ഞാൻ കരുതുന്നു’- ട്രംപ് ഇതു പറഞ്ഞതിനു പിന്നാലെ ഇസ്രായേൽ പാർലമെന്റ് അംഗങ്ങളുടെ ഉച്ചത്തിലുള്ള കരഘോഷം മുഴങ്ങി.
രണ്ട് നിയമസഭാംഗങ്ങളായ അയ്മെൻ ഒഡെ, ഓഫർ കാസിഫ് എന്നിവർ ഫലസ്തീനിനെ അംഗീകരിക്കുക എന്നെഴുതിയ ബാനറുകൾ പ്രദർശിപ്പിക്കുകയും ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ട്രംപിന്റെ പ്രസംഗം തടസ്സപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇരുവരെയും ചേംബറിൽ നിന്ന് നീക്കം ചെയ്തു. ‘ക്ഷമിക്കണം മിസ്റ്റർ പ്രസിഡന്റ്’ എന്ന് നെസെറ്റ് സ്പീക്കർ പറഞ്ഞപ്പോൾ ‘കാര്യക്ഷമമായി തന്നെ ചെയ്തു’ എന്ന് ട്രംപ് പ്രതികരിച്ചു. ഇതുകേട്ടപ്പോഴും സഭാംഗങ്ങളിൽനിന്ന് ചിരിയും കരഘോഷവും ഉയർന്നു.
യുദ്ധസമയത്ത് ട്രംപ് നൽകിയ പിന്തുണക്കും യു.എസ്-ഇസ്രായേൽ സൈനിക സഹകരണത്തിനും ബിന്യമിൻ നെതന്യാഹു തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു. ഓപറേഷൻ റൈസിങ് ലയൺ, ഓപറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്നീ പേരുകളിൽ ഇറാനെതിരെ ഇസ്രായേലും യു.എസും നടത്തിയ സമീപകാല ആക്രമണങ്ങളെ നെതന്യാഹു പരാമർശിച്ചു.
ഗോലാൻ കുന്നുകളിലെ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിച്ചതിനും ഐക്യരാഷ്ട്രസഭയിൽ ‘ഇസ്രായേലിനെതിരായ നുണകൾക്കെതിരെ’ നിലകൊണ്ടതിനും ട്രംപിനെ പ്രശംസിച്ചു. സിംഹങ്ങളെപ്പോലെ പോരാടിയ വീര സൈനികരെ ഉപയോഗിച്ച് ഇസ്രായേൽ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ ചെയ്യേണ്ടത് ചെയ്തുവെന്ന് നെതന്യാഹു പറഞ്ഞു. ഇനി നിങ്ങൾക്ക് കുറച്ചുകൂടി നല്ലവരാകാൻ കഴിയും. കാരണം നിങ്ങൾ യുദ്ധത്തിലല്ല -ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രിയോട് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നെനെസെറ്റ് വീണ്ടും കരഘോഷം മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.