‘ആ ഫാഷിസ്റ്റ് വിരുദ്ധത തീവ്രവാദം,’ ആന്റിഫയെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ ഫാഷിസ്റ്റ് വിരുദ്ധ സംഘനയായ ആന്റിഫയെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് യു.എസ് ​പ്രസിഡന്റ് ഡൊണാൾട് ട്രംപ്. വലതുപക്ഷ ചിന്തകനും അടുത്ത അനുയായിയുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നടപടി.


Full View

എന്താണ് ആന്റിഫ?

ആന്റിഫ എന്നത് ‘ആന്റി ഫാഷിസ്റ്റ് ആക്ഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ്. നിയോ നാസിസം, നിയോ ഫാസിസം, വൈറ്റ് സുപ്രിമസിസം എന്നിങ്ങനെയുള്ള വംശീയ വെറികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്നതാണ് ആന്റിഫയുടെ പ്രഖ്യാപിത ലക്‌ഷ്യം. കൃത്യമായ നേതൃത്വമോ അധികാര ഘടനയോ നിശ്ചിത പ്രവർത്തന മാതൃകകളോ കൂട്ടായ്മക്കില്ല. വിവിധ സംഘടനകളുടെ നെറ്റ്‍വർക്ക് എന്ന നിലയിലാണ് ആന്റിഫയുടെ പ്രവർത്തനം.

സാധാരണയായി പൂർണമായി കറുപ്പ് വ​സ്ത്രങ്ങൾ ധരിച്ചാണ് അംഗങ്ങൾ പ്രത്യക്ഷപ്പെടുക. തീവ്ര വലതുപക്ഷ ആശയങ്ങളെ ഫാഷിസത്തോട് ചേർത്ത് കാണുന്ന സംഘടന, അതിനെതിരെ അക്രമാസക്തമായ ചെറുത്തുനിൽപ്പ് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും വിശ്വസിക്കുന്നു.

1920 -കൾ മുതൽക്കുതന്നെ യൂറോപ്പിലെ ഫാസിസ്റ്റ് സംഘടനകൾക്കെതിരെ സമാനമായ ഒരു മുന്നേറ്റം നിലവിലുണ്ടായിരുന്നു. 1980 അടുപ്പിച്ചാണ് അമേരിക്കൻ ആന്റി ഫാസിസ്റ്റ് സംഘടനകളുടെ ഏകോപനം ഉണ്ടായതെന്ന് ആന്റിഫ, ദി ആന്റി ഫാസിസ്റ്റ് ഹാൻഡ് ബുക്ക് എന്ന പുസ്തകത്തിന്റെ രചയിതാവായ മാർക്ക് ബ്രെയ് വ്യക്തമാക്കുന്നുണ്ട്. അന്ന്, ആന്റി റേസിസ്റ്റ് ആക്ഷൻ എന്ന പേരിലായിരുന്നു ഇത് സംഭവിച്ചത്.

കു ക്ലക്സ് ക്ലാൻ (കെ.കെ.കെ) ഉൾപ്പെടെ തീവ്ര വംശീയ, വലതുപക്ഷ, നവ നാസി ആശയങ്ങളെ അവർ കായികമായി തെരുവിൽ നേരിട്ടു. എന്നാൽ 20 വർഷങ്ങൾക്കിപ്പുറം 2,000ഓടെ മുന്നേറ്റം നിശ്ചലമായതായി കണക്കാക്കപ്പെടുന്നു. പിന്നീട്, ഡൊണാൾഡ് ട്രംപിന്റെ ‘ആൾട്ട് റൈറ്റ്’ ഗ്രൂപ്പിന് പ്രതിരോധമായി അടുത്ത കാലത്ത് മുന്നേറ്റം വീണ്ടും ശക്തിപ്പെടുകയായിരുന്നുവെന്നാണ് നിഗമനം.

അമേരിക്കയിലെ പ്രവർത്തനം

2016 ജൂണിൽ, കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന നവ-നാസി റാലിയിൽ ആന്റിഫയും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്കോളം കുത്തേറ്റിരുന്നു. 2017 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ആന്റിഫ അംഗങ്ങൾ ‘ആൾട്ട്-റൈറ്റ്’ പ്രകടനക്കാരെ ആക്രമിച്ചിരുന്നു. 2019 ജൂലൈയിൽ, സ്വയം പ്രഖ്യാപിത ആന്റിഫക്കാരനായ വില്യം വാൻ സ്പ്രോൺസെൻ, വാഷിംഗ്ടണിലെ ടാക്കോമയിലുള്ള യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കൽ കേന്ദ്രത്തിൽ പ്രൊപ്പെയ്ൻ ടാങ്ക് ഉപയോഗിച്ച് ബോംബ് വയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. മിനിയാപോളിസിൽ ജോർജ് ഫ്ലോയിഡിന്റെ കസ്റ്റഡി മരണത്തെത്തുടർന്നുള്ള കലാപങ്ങൾക്ക് പിന്നിലും ആന്റിഫയാണെന്നാണ് യു.എസ് ഏജൻസികളുടെ കണ്ടെത്തൽ.

സാമൂഹിക മാധ്യമങ്ങളും സാ​ങ്കേതിക വിദ്യയും മുതൽ വിദഗ്ദരായ ചെറുപ്പക്കാരുടെ വലിയ സംഘം ആന്റിഫയുടെ അനുഭാവികളായിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുകൊണ്ടുതന്നെ ആധുനിക രീതിയിൽ നവമാധ്യമങ്ങളുടെയടക്കം സാധ്യതകൾ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെടുന്നതോടെ കൂട്ടായ്മക്കെതിരെയും പ്രവർത്തക​ർക്കെതിരെയും നടപടികൾ കൂടുതൽ ശക്തമാക്കിയേക്കും. 

Tags:    
News Summary - Trump Designates Antifa 'Terror Organisation' Days After Charlie Kirk Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.