ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

അങ്കാറ: ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. തുർക്കി തലസ്ഥാനമായ അങ്കാറക്ക് സമീപമാണ് വിമാനപകടമുണ്ടായത്. ഹദാദ് സഞ്ചരിച്ച സ്വകാര്യ വിമാനം പറന്നുയർന്ന് ഏതാനം മിനിറ്റിനകം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

ഇതിൽ ലിബിയൻ സൈന്യത്തിലെ ഉന്നത റാങ്കിലുള്ള നാല് സൈനിക ഉദ്യോഗസ്ഥരും മൂന്ന് വിമാന ജീവനക്കാരും ഉൾപ്പെടും. വിമാനാപകടത്തിൽ അന്വേഷണം നടക്കുകയാണെന്നും അട്ടിമറിയുണ്ടായെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് തുർക്കിയ അധികൃതർ അറിയിച്ചു. സാ​ങ്കേതിക തകരാറാണ് വിമാനം തകർന്നുവീഴാൻ കാരണമെന്നാണ് തുർക്കിയയുടെ വിശദീകരണം.

ഹദാദിന്റെ മരണത്തിൽ ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദേബിബാഹ് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആത്മാർഥതയോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരാണ് ജീവൻവെടിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയുള്ള യു.എൻ മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ വലിയ പിന്തുണ നൽകിയിരുന്ന സൈനിക മേധാവിയായിരുന്നു ഹദാദ്. 2011ൽ മുഹമ്മദ് ഗദ്ദാഫിയുടെ മരണത്തെ തുടർന്നാണ് ലിബിയയിൽ ആഭ്യന്തരവേർതിരിവുകൾ ശക്തമായത്.

ജനറൽ അൽ-ഫിത്തൗരി ഗാറിബിൽ, ബ്രിഗേഡിയർ ജനറൽ മഹമുദ് അൽ-ക്വത്‍വാൾ, മുഹമ്മദ് അൽ-അസാവി ദിയബ്, മുഹമ്മദ് ഒമർ അഹമ്മദ് മഹജുബ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട സൈനിക ഓഫീസർമാർ.

Tags:    
News Summary - Libyan army chief killed in plane crash near Turkiye’s capital, Ankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.