വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഖത്തർ ‘സമ്മാനമായി’ നൽകിയ ആഡംബര വിമാനം ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തിരികെ വാങ്ങുന്നു എന്ന സാമൂഹ്യമാധ്യമ പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്. ഖത്തർ പ്രധാനമന്ത്രിയായിരുന്ന ഹമദ് ബിൻ ജാസിം ബിൻ ജാബിർ അൽ ഥാനി ഉപയോഗിച്ചിരുന്ന ബോയിങ് 747-8കെബി (ബിബിജെ) വിമാനമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ടെക്‌സസിലെ ഗ്രീൻവിൽ മേജേഴ്‌സ് വിമാനത്താവളത്തിൽ നിന്ന് VADER01 എന്ന കാൾസൈനോടെ ഈ വിമാനം പറന്നുയരുകയും അവിടെ തന്നെ ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഈ വേനലിൽ തന്നെ ട്രംപിനു സഞ്ചരിച്ചു തുടങ്ങാൻ അതിവേഗം റെഡിയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ട്രയലിന്റെ ഭാഗമായിരുന്നു, അടുപ്പിച്ച് നാലു ദിവസമുള്ള പറന്നുയരലും നാലും അഞ്ചും മണിക്കൂർ നീളുന്ന വട്ടമിട്ടുള്ള പറക്കലും പിന്നെ അവിടെത്തന്നെയുള്ള ലാൻഡിങ്ങുകളും. അതേസമയം, ഈ വിമാനം ശരിക്കുമുള്ള എയർഫോഴ്‌സ് വൺ ആയി മാറ്റിയെടുക്കാനുള്ള പണികളല്ല നടക്കുന്നത് എന്നും വാർത്തകളുണ്ട്. ഇടക്കാല വിമാനമെന്ന നിലയിൽ അതിന്റെ ആവശ്യവുമില്ല. 10-40കോടി ഡോളർ (937-3749 കോടി രൂപ) വില കണക്കാക്കുന്ന ഈ വിമാനം യഥാർഥ എയർഫോഴ്‌സ് വൺ ആക്കണമെങ്കിൽ ഈ വിലയുടെ അത്രയും തന്നെ വീണ്ടും മുടക്കേണ്ടിവരും. മറ്റൊരു രാജ്യം ഉപയോഗിച്ചിരുന്ന വിമാനം അപ്പാടെ അഴിച്ചു പെറുക്കി പിന്നെയും കൂട്ടിയോജിപ്പിച്ച്, എല്ലാത്തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് അതിനു പുറമേയും. അടുത്തകാലത്തെങ്ങും പണി തീരുകയുമില്ല’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, വിമാനം സമ്മാനമായാണ് ഖത്തർ നൽകുന്നതെന്ന ട്രംപിന്റെ അവകാശവാദം യഥാർഥ്യവുമായി ഏറെ അന്തരമുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഖത്തർ പ്രധാനമന്ത്രിയായിരുന്ന ഹമദ് ബിൻ ജാസിം ബിൻ ജാബെർ അൽ താണി എട്ടുകൊല്ലം ഉപയോഗിച്ചിരുന്ന ഒരു ആഡംബര ജെറ്റ്, പ്രസിഡന്റിന്റെ ഒദ്യോഗിക വിമാനമായി പറത്താൻ ഡൊണാൾഡ് ട്രമ്പിന് ഖത്തർ സമ്മാനിക്കുന്നു എന്ന കുറച്ചു പഴയ വാർത്തകളിലെ ബോയിങ് 747-8കെബി(ബിബിജെ) വിമാനം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ടെക്‌സസിലെ ഒരു വിമാനത്താവളത്തിൽ നിന്ന് VADER01 എന്ന കാൾസൈനോടെ പറന്നുയരുകയും അവിടെ തന്നെ ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന കാര്യം തിങ്കളാഴ്ചയാണ് ശ്രദ്ധിക്കുന്നത്.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, മാറിമറിയുന്ന ശത്രു-മിത്ര സമവാക്യങ്ങൾക്കിടെ, സമ്മാന വിമാനം ഖത്തർ അമേരിക്കയുടെ പക്കൽ നിന്ന് തിരികെ വാങ്ങുന്നു എന്ന സാമൂഹ്യമാധ്യമ പ്രചാരണങ്ങളിൽ കഴമ്പ് ഏതുമില്ല എന്നതാണ്, ഗ്രീൻവിൽ മേജേഴ്‌സ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുകയും അവിടെത്തന്നെ ലാൻഡു ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന വിമാനത്തിനു പിന്നാലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ ആദ്യത്തെ കാര്യം.
ഈ വേനലിൽ തന്നെ ട്രമ്പിനു സഞ്ചരിച്ചു തുടങ്ങാൻ അതിവേഗം റെഡിയാ്ക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ട്രയലിന്റെ ഭാഗമായിരുന്നു, അടുപ്പിച്ച് നാലു ദിവസമുള്ള പറന്നുയരലും നാലും അഞ്ചും മണിക്കൂർ നീളുന്ന വട്ടമിട്ടുള്ള പറക്കലും പിന്നെ അവിടെത്തന്നെയുള്ള ലാൻഡിങ്ങുകളും.
വിമാനം സമ്മാനമായാണ് ഖത്തർ നൽകുന്നതെന്ന ട്രമ്പിന്റെ വാക്കുകളും യഥാർഥ്യവും തമ്മിൽ പതിവുപോലെ ഏറെ അന്തരമുണ്ട് എന്നതാണ് വാസ്തവം.
2020-2023 വർഷങ്ങളിൽ ഖത്തർ പല തവണ വിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വിമാനമായിരുന്നു ഇത്.
സ്വിറ്റ്‌സലൻഡ് ആസ്ഥാനമായ ഗ്ലോബൽ ജെറ്റ് എന്ന കമ്പനി, ഈ വിൽപ്പന ശ്രമങ്ങളുടെ അവസാന ഘട്ടം പോലെ കഴിഞ്ഞ കൊല്ലം വിമാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ തന്നെ രണ്ടു വിമാനത്താവളങ്ങളിൽ മാറി മാറി പാർക്കു ചെയ്തിരുന്ന വിമാനം പിന്നീടാണ് അമേരിക്കൻ വ്യോമസേന പരിശോധിക്കുന്നതും വാങ്ങുന്നതും. പ്രായാധികത്തിന്റെ അസ്‌കിതകൾ പ്രകടമായിക്കൊണ്ടിരിക്കുന്ന നിലവിലെ എയർഫോഴ്‌സ് വൺ വിമാനങ്ങൾ (28000, 29000 എന്നീ റജിസ്‌ട്രേഷനുകളുള്ള വിമാനങ്ങൾ രണ്ടും 1990 ൽ നിർമിച്ചതാണ്) മാറ്റി പുതിയത് വാങ്ങുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഏറ്റെടുക്കലും.
പുത്തനൊരു വിമാനം വാങ്ങുന്നതു വരെ, ബ്രിജ് എയർ ഫോഴ്‌സ് വൺ എന്ന ലേബലോടെ ഉപയോഗിക്കാൻ പതിന്നാലു കൊല്ലം പഴക്കമുള്ള ഈ വിമാനം വാങ്ങിയതാണോ സമ്മാനമായി കിട്ടിയതാണോ എന്ന സംശയം തീർക്കാൻ, അമേരിക്കൻ വ്യോമസേന ഏറ്റെടുക്കുന്നതു വരെയള്ള വിമാനത്തിന്റെ ചരിത്രം കൂടി പരിശോധിക്കാവുന്നതാണ്..
2012 ഏപ്രിൽ 25ന് ഖത്തർ രാജകുടുംബം വാങ്ങിയപ്പോൾ എ7-എച്ച്‌ജെഎ എന്നായിരുന്നു റജിസ്‌ട്രേഷൻ. വിമാനം ശരിക്കും പറന്നു തുടങ്ങിയത് 2015 ജൂലൈ മുതലാണ്. ആ സമയത്തിനിടെ അമേരിക്കയിൽ വച്ചു തന്നെ വിമാനത്തിന്റെ ഉൾവശം മൊത്തം അഴിച്ചു പണിതു, ആഡംബര സംവിധാനങ്ങളെല്ലാം ഉൾച്ചേർത്തു.
ഒടുവിൽ 2015 ജൂലൈ 14ന് ഖത്തറിലെത്തിച്ച വിമാനത്തിന്റെ റജിസ്‌ട്രേഷൻ എ7-എച്ച്ബിജെ (വിമാനത്തിന്റെ ഉടമ എന്നു പറയാവുന്ന അന്നത്തെ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിമിന്റെ ചുരുക്കപ്പേരു തന്നെ) എന്നു മാറ്റുകയും ചെയ്തു.
എട്ടുകൊല്ലം പറന്നശേഷം 2023 നവംബറിൽ വിമാനം നിലത്തിറക്കി. രണ്ടു കൊല്ലത്തിനു ശേഷം, 2025 ജൂണിൽ പി4-എച്ച്ബിജെ എന്ന അയ്ൽ ഓഫ് മാൻ റജിസ്‌ട്രേഷനോടെ ഗ്ലോബൽ ജെറ്റ് എന്ന ഒരു കമ്പനി വിമാനം ഏറ്റെടുത്തു. പക്ഷേ പറത്തിയിരുന്നതേയില്ല. പകരം, ടെക്‌സസിലെ സാൻ അന്റോണിയോ രാജ്യാന്തര വിമാനത്താവളത്തിൽ 2025 ഓഗസ്റ്റുവരെ പാർക്കു ചെയ്തിട്ടു. ഓഗസ്റ്റിൽ, വിമാനം അമേരിക്കയിലെ തന്നെ ഫോർട്ട്വർത്ത് വിമാനത്താവളത്തിൽ സൂക്ഷിക്കാൻ കൊണ്ടിറക്കുകയും ചെയ്തു.
അമേരിക്ക ഔദ്യോഗികമായി രംഗപ്രവേശം ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.
അങ്ങിനെ, യുഎസ് വ്യോമസേന ഏറ്റെടുത്ത വിമാനം, എൻ7478ഡി എന്ന അമേരിക്കൻ റജിസ്‌ട്രേഷനോടെ ടെക്‌സസിലെ തന്നെ വാക്കോ ടിഎസ്ടിസി വിമാനത്താവളത്തിലേക്കു മാറ്റി.
ഇക്കൊല്ലം ഫെബ്രുവരിയിൽ അവിടെ നിന്ന് പിന്നെയും എടുത്ത്, ടെക്‌സസിലെ ഗ്രീൻവിൽ മേജേഴ്‌സ് സേനാ വിമാനത്താവളത്തിലേക്ക് കൊണ്ടു പോയി. പിന്നാലെ വിമാനത്തിന്റെ റജിസ്‌ട്രേഷൻ 25-3300 എന്ന് മാറ്റുന്നതിനു മുമ്പ്, വിമാനം വാങ്ങണോ അതോ പാട്ടത്തിന് എടുക്കണോ എന്ന ചർച്ചകൾ കുറേ നടന്നിരുന്നു. ഫെബ്രുവരിയിൽ ഗ്രീൻവില്ലിൽ എത്തിച്ചതിനു ശേഷം ട്രമ്പ് വിമാനം പോയി നോക്കുകയും ചെയ്തിരുന്നു. പിന്നെയും മൂന്നു മാസത്തിനു ശേഷം, 2025 മെയ് 12നാണ്, ഖത്തർ വിമാനം സൗജന്യമായി സമ്മാനിക്കുകയാണ് എന്ന് ട്രമ്പ് ട്രൂത്ത് സോഷ്യലിൽ കുറിക്കുന്നത്.
എന്തായാലും, ഏവിയോണിക്‌സും കാബിൻ സംവിധാനങ്ങളും ഉൾപ്പെടെ മാറ്റിസ്ഥാപിച്ച് വിമാനങ്ങൾ മൊത്തത്തിൽ പരിഷ്‌ക്കരിച്ചു നൽകുന്ന എൽ3ഹാരിസ് മിഷൻ ഇന്റഗ്രേഷൻ ഡിവിഷൻ എന്ന കമ്പനിയുടെ ആസ്ഥാന എയർപോർട്ടായ ഗ്രീൻവിൽ മേജേഴ്‌സിൽ നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ട്രയൽ പറക്കലുകൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ വിമാനത്തിന്റെ പണികൾ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട് എന്നു തന്നെ കരുതണം.
അതേസമയം, ശരിക്കുമുള്ള എയർഫോഴ്‌സ് വൺ ആയി വിമാനം മാറ്റിയെടുക്കാനുള്ള പണികളല്ല നടക്കുന്നത് എന്നും വാർത്തകളുണ്ട്. ഇടക്കാല വിമാനമെന്ന നിലയിൽ അതിന്റെ ആവശ്യവുമില്ല. 10-40കോടി ഡോളർ (937-3749 കോടി രൂപ) വില കണക്കാക്കുന്ന ഈ വിമാനം യഥാർഥ എയർഫോഴ്‌സ് വൺ ആക്കണമെങ്കിൽ ഈ വിലയുടെ അത്രയും തന്നെ വീണ്ടും മുടക്കേണ്ടിവരും. മറ്റൊരു രാജ്യം ഉപയോഗിച്ചിരുന്ന വിമാനം അപ്പാടെ അഴിച്ചു പെറുക്കി പിന്നെയും കൂട്ടിയോജിപ്പിച്ച്, എല്ലാത്തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് അതിനു പുറമേയും. അടുത്തകാലത്തെങ്ങും പണി തീരുകയുമില്ല.
ഗ്രീൻവില്ലിൽ നിന്നുള്ള വിമാനത്തിന്റെ, വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിലെ, പരിശോധനാ പറക്കലിൽ കണ്ട ഒരു കൗതുകത്തിന്റെ കാര്യം കൂടി-
കഴിഞ്ഞ വെള്ളിയാഴ്ച, പതിനേഴാം തീയതി വൈകിട്ട് 6.52ന് പറന്നുയർന്ന്, രാത്രി 11.01ന് തിരികെ ലാൻഡു ചെയ്ത വിമാനത്തിന്റെ പറക്കൽപ്പാത നോക്കുക.
കുട്ടികൾ വരയ്ക്കുന്നതു പോലെയുള്ള ഒന്നാന്തരമൊരു വിമാനം! വാലും ചിറകും എൻജിനും എല്ലാം ഉൾപ്പെടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.