വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പൊതുജന സ്വീകാര്യതയിൽ വൻ ഇടിവെന്ന് അഭിപ്രായ സർവേ. ഇറാനുമായുള്ള സംഘർഷവും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളുമാണ് ട്രംപിനോടുള്ള പൊതുജനങ്ങളുടെ അതൃപ്തി വർധിക്കാൻ കാരണം. ഇതോടെ ട്രംപിന്റെ സ്വീകാര്യത റേറ്റിങ് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റോയിട്ടേഴ്സ് ഇപ്സോസ് സർവേ പറയുന്നു.
കൂടാതെ ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ഭൂരിഭാഗം അമേരിക്കൻ പൗരൻമാരും എതിർക്കുന്നുണ്ട്. ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ 35 ശതമാനം പേർ മാത്രമാണ് അംഗീകരിക്കുന്നത്. 61 ശതമാനം പേർ ശക്തമായി വിയോജിക്കുകയും ചെയ്യുന്നു.
നാലുദിവസങ്ങളിലായി ഓൺലൈനായാണ് അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ഇതിൽ ട്രംപിന്റെ പ്രസിഡന്റ് പദവിയെ 36 ശതമാനം അമേരിക്കക്കാർ മാത്രമാണ് അംഗീകരിക്കുന്നതെന്ന് പറയുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം പ്രസിഡന്റ് പദവിയിലെ ഏറ്റവും കുറഞ്ഞ അംഗീകാര റേറ്റിങ്ങാണ് ഇത്. ഒരാഴ്ച മുമ്പ് നടത്തിയ വോട്ടെടുപ്പിൽ 40 ശതമാനമായിരുന്നു അംഗീകാര റേറ്റിങ്.
പൊതുജന സ്വീകാര്യതയിൽ ഇടിവുണ്ടെങ്കിലും റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിനുള്ള പിന്തുണ അതേപോലെ തന്നെ തുടരുന്നതായും സർവേ പറയുന്നു. ന്യൂനപക്ഷം മാത്രമാണ് അതൃപ്തി പ്രകടമാക്കിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി, ജീവിതചെലവിന്റെ വർധന, പണപ്പെരുപ്പം തുടങ്ങിയവയാണ് ട്രംപിന് തിരിച്ചടിയായത്. യു.എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതോടെ രാജ്യത്ത് പെട്രോളിന്റെ വില വർധിച്ചിരുന്നു. ഇതും ട്രംപിന് തിരിച്ചടിയായി. ജീവിത ചെലവുകൾ ഉയരുന്നത് സംബന്ധിച്ച ട്രംപിന്റെ സമീപനത്തെ 25 ശതമാനംപേർ മാത്രമാണ് അംഗീകരിക്കുന്നത്. 29 ശതമാനം മാത്രമാണ് സാമ്പത്തിക മാനേജ്മെന്റിനുള്ള റേറ്റിങ്. നിലവിൽ ട്രംപിനുള്ള സ്വീകാര്യത മുൻ പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചതിനേക്കാൾ താഴ്ന്ന നിലയിലാണെന്നും സർവേ പറയുന്നു.
ഇന്ധനച്ചെലവിലെ വർധനവ് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളെ 63 ശതമാനം അമേരിക്കക്കാരും ദുർബലമായാണ് കണക്കാക്കുന്നത്. യുദ്ധം അമേരിക്കയെ ദീർഘകാലത്തേക്ക് സുരക്ഷിതമല്ലാതാക്കുമെന്ന് 46 ശതമാനം പേർ വിശ്വസിക്കുന്നു. ദേശീയ സുരക്ഷ വർധിപ്പിക്കുമെന്ന് 26 ശതമാനം പേർ മാത്രമാണ് വിശ്വസിക്കുന്നതെന്നും സർവേ പറയുന്നു.
ട്രംപിന്റെ സ്വീകാര്യത കുറയുമ്പോഴും ഡെമോക്രാറ്റുകൾക്ക് ഇത് അനുകൂല സാഹചര്യമായി മാറുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ 38 ശതമാനമാണ് റിപബ്ലിക്കൻ പാർട്ടിയെ അംഗീകരിക്കുന്നെങ്കിൽ ഡെമോക്രാറ്റുകളെ അനുകൂലിക്കുന്നത് 34 ശതമാനം മാത്രമാണെന്നും സർവേ പറയുന്നു. കുടിയേറ്റ, കുറ്റകൃത്യ നയങ്ങളിൽ റിപ്പബ്ലിക്കൻമാർക്കാണ് മുന്നേറ്റം. എന്നാൽ, ആരോഗ്യ സംരക്ഷണത്തിലും സ്ത്രീകളുടെ അവകാശങ്ങളിലും ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.