ഹുർമുസ് വീണ്ടും തുറക്കാൻ ആറ് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ; സമ്മർദ്ദം തുടരുമെന്ന് യു.എസ്

തെഹ്റാൻ: ആഗോള എണ്ണവിപണിയുടെ ഇരുപത് ശതാമാനവും നടക്കുന്ന ഹുർമുസ് തുറക്കുന്നതിന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് ഇറാൻ.ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യു.എസ് "അവരുടെ പെരുമാറ്റം തിരുത്തണമെന്ന്" ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സുൽഘദർ ആണ് ഇറാന്റെ ആറ് ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്. അതേസമയം ഇറാനു മേൽ സമ്മർദ്ദം തുടരുമെന്ന് യുഎസും വ്യക്തമാക്കി. 

ഇറാനുനേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കുക, ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ സ്ഥിരമായി നിർത്തിവെക്കുക, ഇറാനെതിരെ ഉപരോധം തീർത്ത യു.എസിന്റെ നാവിക, വ്യോമസേനകളെ പിൻവലിക്കുക, സമീപകാല സംഘർഷത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാനു നഷ്ടപരിഹാരം നൽകുക, യു.എസ് ഉപരോധങ്ങൾ പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. യുദ്ധത്തിലായാലും ചർച്ചകളിലായാലും ഈ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ദീർഘകാല മാറ്റങ്ങൾക്ക് ഇറാൻ തയ്യാറാണോ എന്ന് യു.എസ് വിലയിരുത്തുകയാണെന്നും, അവർ അതിന് തയ്യാറല്ലെങ്കിൽ തങ്ങൾ സമ്മർദ്ദം തുടരുമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. “ഞങ്ങൾ അവരുടെ ആണവ പദ്ധതി തകർത്തു. അവരുടെ പരമ്പരാഗത സൈന്യത്തെ തകർത്തു. അവരുടെ അതുല്യമായ സൈനിക ശേഷി എന്ന് വിശേഷിപ്പിക്കാവുന്നവ ഞങ്ങൾ സമൂലമായി കുറച്ചു. അമേരിക്കയുമായി മികച്ച ബന്ധം പുലർത്താൻ ആവശ്യമായ തരത്തിലുള്ള ദീർഘകാല മാറ്റങ്ങൾ വരുത്താൻ അവർ തയ്യാറാണോ എന്ന് ഞങ്ങൾ ഇപ്പോൾ പരിശോധിക്കുകയാണ്,” വാൻസ് പറഞ്ഞു.

സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവർ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടിയുടെ ലക്ഷ്യം ഇറാനല്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ വ്യക്തമാക്കി.

ഒരു കരാറിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു.

"രാജ്യത്ത് ഐക്യവും ശക്തിയും ഐക്യദാർഢ്യവുമുണ്ട്, എനിക്കറിയാവുന്നിടത്തോളം, ഈ യുദ്ധത്തിൽ ഇറാൻ വിജയിച്ചതും ശക്തവുമായ രാജ്യമായി കണക്കാക്കപ്പെടുന്നു," അദ്ദേഹം ഇറാനിയൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കരാറിലെത്താൻ ഇപ്പോൾ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി ഇറാനും വാഷിംഗ്ടണും ഒരു ചാനൽ സജ്ജീകരിക്കേണ്ടതായിരുന്നു എന്നും പെസെഷ്‌കിയൻ പറഞ്ഞു. “എന്തായാലും, എല്ലാ ധാരണാപത്രത്തിലും ലംഘനങ്ങൾ ഉണ്ടാകാറുണ്ട്. തത്വത്തിൽ, പരസ്പരം പോരടിക്കുന്നതിന് പകരം ലംഘനങ്ങൾ പരിഹരിക്കുന്നതിന് അന്ന് തന്നെ ഒരു ടീമിനെ രൂപീകരിക്കേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.

ദൈവാനുഗ്രഹത്താൽ, 'യുദ്ധവുമില്ല സമാധാനവുമില്ല' എന്ന ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഇറാന് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം ഒമാന്റെ നേതൃത്വത്തിലുള്ള ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.