തെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ കൊഖാവ് യാക്കോവ് കുടിയേറ്റ മേഖലയിൽ 627 പുതിയ ഭവന യൂണിറ്റുകൾ നിർമിക്കുന്നതിനായി ഇസ്രായേൽ അധികൃതർ ടെൻഡർ ക്ഷണിച്ചു. ജറുസലേമിനെയും സമീപത്തെ ഫലസ്തീൻ പ്രദേശങ്ങളെയും തമ്മിൽ കൂടുതൽ വേർതിരിക്കാനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ (സി.ആർ.ആർ.സി) ആരോപിച്ചു.
റമല്ല-അൽ ബിറെ ഗവർണറേറ്റിലെ ഭൂമിയിലാണ് നിർമാണം നടക്കുക. നിർമാണ കമ്പനികൾക്ക് നവംബർ 30 വരെ ടെൻഡർ സമർപ്പിക്കാം. പദ്ധതിക്കായി ഇസ്രായേൽ ലാൻഡ് അതോറിറ്റി വ്യാഴാഴ്ച ടെൻഡർ പ്രസിദ്ധീകരിച്ചതായി സി.ആർ.ആർ.സി അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് പദ്ധതിക്ക് ഇസ്രായേൽ അധികൃതർ അംഗീകാരം നൽകിയതെന്നും 15 മാസത്തിന് ശേഷം പദ്ധതി ആസൂത്രണ ഘട്ടത്തിൽ നിന്ന് നിർമാണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സി.ആർ.ആർ.സി പറഞ്ഞു.
253.7 ദുനം അഥവാ 25.37 ഹെക്ടർ, ഏകദേശം 63 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ വീടുകൾ കൊഖാവ് യാക്കോവ് കുടിയേറ്റ മേഖലയുടെ നിർമിത പ്രദേശം വികസിപ്പിക്കുകയും സമീപത്തെ മറ്റ് കുടിയേറ്റ മേഖലകളുമായും പ്രവേശന റോഡുകളുമായും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സി.ആർ.ആർ.സി കൂട്ടിച്ചേർത്തു.
വടക്കൻ ജറുസലേമിനും റമല്ല, അൽ ബിറെ നഗരങ്ങൾക്കും ഇടയിലാണ് കൊഖാവ് യാക്കോവ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേൽ `ബിൻയാമിൻ' എന്ന പേരിൽ നിയന്ത്രിക്കുന്ന കുടിയേറ്റ മേഖലകളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്.
പുതിയ പദ്ധതി ഭവന നിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കുടിയേറ്റ മേഖലകളിലെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപത്തിന്റെ ഭാഗമാണെന്നും സി.ആർ.ആർ.സി ആരോപിച്ചു. വ്യവസായ മേഖലകൾ, ഓഫീസുകൾ, നഴ്സിങ് ഹോമുകൾ, വിനോദസഞ്ചാര സൗകര്യങ്ങൾ എന്നിവക്കായും ഈ വർഷം ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
ഈ വർഷം ആദ്യ പകുതിയിൽ മാത്രം ഇസ്രയേൽ അധികൃതർ 12 കുടിയേറ്റ പദ്ധതികൾക്കായി ടെൻഡർ ക്ഷണിച്ചതായും സി.ആർ.ആർ.സി കൂട്ടിച്ചേർത്തു. അഞ്ച് പ്രധാന കുടിയേറ്റ മേഖലകളിലായി 1,138 ഭവന യൂണിറ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങൾ ഈ വർഷം വലിയ തോതിൽ വർധിച്ചതായും ഫലസ്തീൻ നിരീക്ഷകർ പറയുന്നു. 2026 ജനുവരി മുതൽ വെസ്റ്റ് ബാങ്കിൽ 11,000ലേറെ ആക്രമണങ്ങൾ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും നടത്തിയതായും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം നിയമസാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
2024 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക വിധിയിലും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ തുടർച്ചയായ അധിനിവേശം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.