ആൻഡി ഒഗിൾസ്

ട്രംപ് പിന്തുണച്ചിട്ടും തോറ്റു; മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിൽ കുപ്രസിദ്ധനായ ആൻഡി ഒഗിൾസിന് അപ്രതീക്ഷിത പരാജയം

വാഷിംഗ്‌ടൺ: യു.എസ്‌ കോൺഗ്രസ് അംഗവും മുസ്‌ലിം വിരുദ്ധ പരാമർശത്തിലൂടെ വിവാദത്തിലാവുകയും ചെയ്ത ആൻഡി ഒഗിൾസിന് ടെന്നസി റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി. യു.എസ്‌ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടായിട്ടും എതിർസ്ഥാനാർത്ഥിയായ ചാർളി ഹാച്ചറോട് ഒഗിൾസ് പരാജയപ്പെടുകയായിരുന്നു. വോട്ടെണ്ണൽ 95 ശതമാനം പൂർത്തിയായപ്പോൾ, ചാർളി ഹാച്ചർ 53.3 ശതമാനം വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. ഒഗിൾസിന് 46.8 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

ടെന്നസിലെ മുൻ കാർഷിക കമീഷണറായ ഹാച്ചർ, കാർഷിക പശ്ചാത്തലവും വികസന വാഗ്ദാനങ്ങളും മുൻനിർത്തിയാണ് പ്രചാരണം നടത്തിയത്. വരാനിരിക്കുന്ന നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ചാസ് മോൾഡറെയാണ് ഹാച്ചർ നേരിടുക.

ഇസ്ലാമോഫോബിയ പരാമർശങ്ങളുടെ പേരിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിട്ട വ്യക്തിയാണ് ആൻഡി ഒഗിൾസ്. 'മുസ്‌ലിങ്ങൾക്ക് അമേരിക്കൻ സമൂഹത്തിൽ സ്ഥാനമില്ല; ബഹുസ്വരത എന്നത് ഒരു അസത്യമാണ്' എന്ന് കഴിഞ്ഞ മാർച്ച് മാസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം കുറിച്ചിരുന്നു. കൂടാതെ, ഗസ്സയിലെ ഫലസ്തീൻ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അവരെയെല്ലാം കൊന്നൊടുക്കണം' എന്ന് പറഞ്ഞതും വലിയ ജനരോഷത്തിന് കാരണമായിരുന്നു.

ട്രംപിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും, ഓഗിൾസിന്റെ വർഗീയ നിലപാടുകളോടുള്ള വോട്ടർമാരുടെ ശക്തമായ എതിർപ്പാണ് അദ്ദേഹത്തിന്റെ പരാജയത്തിന് വഴിതെളിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ മിതവാദികളും അമേരിക്കൻ മുസ്‌ലിം സംഘടനകളും ഓഗിൾസിന്റെ പരാജയത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു.

പ്രൈമറിയിൽ, ഈ ആഴ്ച ട്രംപിന്റെ പിന്തുണയുള്ള രണ്ടാമത്തെ സ്ഥാനാർത്ഥിയാണ് പരാജയപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മിഷിഗണിൽ ട്രംപ് പിന്തുണച്ച നാവികസേനാ വിദഗ്ദ്ധനായിരുന്ന ആമിർ ഹുസ്സൈൻ, തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച തോമസ് സ്മിത്തിനോട് പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിൽ കുപ്രസിദ്ധനായ ആൻഡി ഒഗിൾസിന് അപ്രതീക്ഷിത പരാജയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.