മോസ്കോ: റഷ‍്യയിൽ യുക്രയ്ന്‍ നടത്തിയ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ബെൽഗൊറോഡ് നഗരത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ രണ്ട് അപാർട്ട്മെന്‍റുകൾക്ക് തീ പിടിച്ചതായി ഗവർണർ അലക്സാണ്ടർ ഷുവായേവ് അറിയിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മേഖലയിൽ നിരവധി സമുച്ചയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേ സമയം അസോവ്, ക്രിമിയ, കരിങ്കടൽ എന്നീ മേഖലയിലൂടെ പറന്ന 150ഓളം ഡ്രോണുകൾ നിരവീര്യമാക്കിയതായി റഷ‍്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. കരങ്കടലിലെ പ്രധാന കയറ്റുമതി തുറമുഖമായ നോവോറോസിസ്കിയിൽ രണ്ട് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായും ഗവർണർ കൂട്ടി ചേർത്തു. അതേ സമയം യുക്രെയ്നിന്‍റെ കരിങ്കടൽ ഭാഗത്തെ തുറമുഖകേന്ദ്രങ്ങൾ റഷ‍്യന്‍ സൈന്യം ആക്രമിച്ചതായി റഷ‍്യ അവകാശപ്പെടുന്നുണ്ട്.
അതേ സമയം ബുധനാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കിയവിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ വെയർഹൗസുകൾക്കും കെട്ടിടങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മൂന്ന് ദശലക്ഷത്തിലധികം ജനങ്ങളുള്ള കിയവിൽ ഏഴ് വ്യത്യസ്ത ഇടങ്ങളിലാണ് റഷ്യ മിസൈൽ പതിപ്പിച്ചത്. മണിക്കൂറുകളോളമാണ് തലസ്ഥാനത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നീണ്ടുനിന്നത്. വിവിധ മേഖലകളിൽ നടന്ന ശക്തമായ ആക്രമണങ്ങളിൽ ഏഴ് സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. നഗരമധ്യത്തിന് സമീപമുള്ള ഒരു വെയർഹൗസ് പൂർണമായും തകർന്നു.
കിയവിലും പരിസര പ്രദേശങ്ങളിലുമുള്ള ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും സപ്ലൈ ഹബുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇവ സൈനിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും റഷ്യ ആരോപിക്കുന്നു. ആക്രമണത്തെ തുടർന്ന് വെയർഹൗസുകളിലും സ്റ്റോറേജ് ഏരിയകളിലും തീപിടുത്തമുണ്ടായതായി മേയർ അറിയിച്ചു. നഗരപ്രാന്തപ്രദേശത്ത് വലിയ തീപിടുത്തമുണ്ടായതായും, വീണുകിടക്കുന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ഒരു റസിഡൻഷ്യൽ കെട്ടിടത്തിന് സമീപം കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ആക്രമണത്തെ തുടർന്ന് അമോണിയ ചോർച്ചയുണ്ടായെങ്കിലും അടിയന്തര സേവന വിഭാഗം അത് ഉടൻ പരിഹരിച്ചതായി കിയവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നഗരത്തിലുടനീളം ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.